അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പിതാവിന്റെ മെത്രാഭിഷേകത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ

ജൂബിലി നിറവിൽ മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന് സ്‌നേഹാദരവ്

 വദനങ്ങളെ വീണകളാക്കി, അധരങ്ങള്‍കൊണ്ടു സ്‌തോത്രം ആലപിച്ച് ഒരു മനസോടെ ഒന്നുചേര്‍ന്ന് പാലാ രൂപതയുടെ ദ്വിതീയ മെത്രാന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്‍റെ മെത്രാഭിഷേക സുവര്‍ണജൂബിലി ആഘോഷിച്ചു. ആശംസകളും പ്രാര്‍ഥനകളുമായി മെത്രാന്‍മാരും വൈദികരും കുടുംബാംഗങ്ങളും അജഗണങ്ങളും ഒഴുകിയെത്തിയപ്പോൾ പാലാ സെന്‍റ് തോമസ് കത്തീഡ്രല്‍ അങ്കണം ജനനിബിഡമായി മാറി.
മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്‍റെ കരുതലും തലോടലും സ്‌നേഹവും അനുഭവിച്ചവരുടെ സാന്നിധ്യമാണ് സ്‌നേഹാദരവിന് മാറ്റുകൂട്ടിയത്. 
മെത്രാഭിഷേകത്തിന്‍റെ സുവർണജൂബിലിനിറവില്‍ നിറപുഞ്ചിരിയുമായി നില്ക്കുന്ന മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്‍റെ മുഖ്യകാര്‍മികത്വത്തിലാണ് ദിവ്യബലി അര്‍പ്പിക്കപ്പെട്ടത്. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കരസഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ എന്നിവരുടെ സാന്നിധ്യത്തില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ആർച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് കൊച്ചേരി, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവരും മെത്രാപ്പോലീത്തമാരും മെത്രാന്‍മാരും സഹകാര്‍മികത്വം വഹിച്ചുള്ള വിശുദ്ധ കുര്‍ബാന ദൈവസന്നിധിയിലേയ്ക്കുള്ള പരിമളധൂപമായി ഉയര്‍ന്നു. രൂപതയിലെ നൂറുകണക്കിനു വൈദികരും വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികരായി ഭക്തിയോടെ അണിനിരന്നു. കര്‍ത്താവേ, നന്ദി പ്രകാശിപ്പിക്കാന്‍ കഴിയാത്തവിധം അത്രവലിയ അനുഗ്രഹമാണ് അങ്ങ് എനിക്കു നല്‍കിയിരിക്കുന്നതെന്ന പ്രാര്‍ഥനയോടെയാണ് മാര്‍ പള്ളിക്കാപറമ്പില്‍ സ്‌തോത്രബലി ആരംഭിച്ചത്.ദൈവത്തിന് പൂര്‍ണമായും വിട്ടുകൊടുത്ത പരിശുദ്ധ അമ്മയെ പോലെ ദൈവത്തിനു സമര്‍പ്പിച്ച പുരോഹിതശ്രേഷ്ഠനാണ് മാര്‍ പള്ളിക്കാപറമ്പിലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വചനസന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു. ഹൃദയം തുറന്നു സംസാരിക്കുകയും പുഞ്ചിരിക്കുകയും സന്തോഷം മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുന്ന മാര്‍ പള്ളിക്കാപറമ്പില്‍ പരിശുദ്ധ അമ്മയെ പോലെ ദൈവവിളിയില്‍ സ്വാതന്ത്ര്യം അനുഭവിച്ചു വളര്‍ന്നുവെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സെന്‍റ് തോമസ് ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. മലങ്കരസഭയോടുള്ള കരുതലും സംരക്ഷണവും ആത്മബന്ധവും നന്മയോടെ ഓര്‍ക്കുന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ അധ്യക്ഷപ്രസംഗത്തില്‍ വ്യക്തമാക്കി. മാര്‍ പള്ളിക്കാപറമ്പിലിന്‍റെ മറുപടി പ്രസംഗം നന്ദിയുടെ വാക്കുകളായി മാറി

മെത്രാഭിഷേകത്തിന്‍റെ സുവർണ ജൂബിലി ആഘോഷിക്കുന്ന മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന് ആദരവറിയിക്കാൻ എത്തിയത് ശ്രേഷ്ഠമായ സൗഹൃദവൃന്ദം. കൃതജ്ഞതാ ബലിക്കു ശേഷം നടന്ന പൊതുസമ്മേളനത്തിൽ ഫാ. ജയിംസ് പുലിയുറമ്പില്‍ രചിച്ച മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്‍റെ ജീവചരിത്രം “അവര്‍ക്ക് ജീവനുണ്ടാകുവാന്‍” കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. കെ.കെ. ജോസ്, മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ജൂബിലിയോടനുബന്ധിച്ച് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ കേക്ക് മുറിച്ച് മധുരും പങ്കുവച്ചു. തുടര്‍ന്ന് പള്ളിക്കാപ്പറമ്പില്‍ കുടുംബാംഗങ്ങള്‍ ബിഷപിന് സ്നേഹോപഹാരവും സമ്മാനിച്ചു.
ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം, മാര്‍ തോമസ് തറയില്‍, മാര്‍ തോമസ് പാടിയത്ത്, മാര്‍ ജോസ് പുളിക്കല്‍, മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍, മാര്‍ ജോയി ആലപ്പാട്ട്, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ലോറൻസ് മുക്കുഴി, മാര്‍ ജോസഫ് ചിറ്റൂപ്പറമ്പില്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ സിഎംഐ, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ ആന്‍റണി പ്രിന്‍സ് പാണേങ്ങാടന്‍, മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍, മാര്‍ മാത്യു അറയ്ക്കല്‍, മാർ ജേക്കബ് മനത്തോടത്ത്, മാര്‍ ജേക്കബ് മുരിക്കന്‍, ഏബ്രഹാം മാര്‍ ജൂലിയസ്, ജോസഫ് മാര്‍ തോമസ്, ഡോ.‍ സെബാസ്റ്റ‍്യന്‍ തെക്കത്തേച്ചേരില്‍, മാര്‍ സെബാസ്റ്റ‍്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ തുടങ്ങിയ മെത്രാൻമാർ സന്നിഹിതരായിരുന്നു. മാര്‍ ജോസഫ് പെരുന്തോട്ടം മെമന്‍റോ സമര്‍പ്പിച്ചു.