റോമിലെ മെത്രാന്‍ സിനഡ്: ഒരു വിവരണം

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു തൊട്ടുപിന്നാലെ, കൗണ്‍സിലിന്റെ അനുഭവത്തില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട് 1965ല്‍ വി. പോള്‍ ആറാമന്‍ മാര്‍പാപ്പയാണു മെത്രാന്മാരുടെ സിനഡു സ്ഥാപിച്ചത്. സഭയുടെ ജീവിതത്തിലെ സവിശേഷവും അതുല്യവുമായ നിമിഷമാണിത്. സാര്‍വത്രികസഭയുടെ ഭരണത്തില്‍ റോമിന്റെ മെത്രാനായ മാര്‍പാപ്പയെ സഹായിക്കാനാണു സിനഡില്‍ മെത്രാന്മാര്‍ ഒത്തുകൂടുന്നത്. 

മെത്രാന്മാരുടെ സിനഡിന്റെ ദൗത്യം: പ്രാദേശികസഭകളില്‍നിന്ന് ഓരോ പ്രത്യേക വിഷയത്തെയുംകുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള ഒരു മാര്‍ഗമാണു സിനഡ്. പരിശുദ്ധ പിതാവിന് ഉപദേശം നല്‍കുക എന്നതാണു സിനഡിന്റെ ദൗത്യം. തന്റെ മുന്‍ഗാമിയായ പോള്‍ ആറാമന്‍ പറഞ്ഞ കാര്യം ആവര്‍ത്തിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ, 'പരിശുദ്ധാത്മാവിന്റെ പ്രചോദനമനുസരിച്ചു വിവിധ സഭാപരമായ ചോദ്യങ്ങളില്‍ പരിശുദ്ധ പിതാവിനു വിവരങ്ങളും ഉപദേശങ്ങളും നല്‍കുന്ന ഒരു കൂടിയാലോചനാപരമായ പങ്ക് സിനഡിനുണ്ടെന്നു പ്രസ്താവിച്ചു. കൂടാതെ, മെത്രാന്മാരുടെ സിനഡിന്റെ ദൗത്യം പ്രാഥമികമായി 'ദൈവജനത്തെ ശ്രവിക്കുക എന്നതാണ്. അതിനാല്‍, ദൈവജനത്തിനുമുഴുവന്‍ ശബ്ദം നല്‍കുന്നതിന് അനുയോജ്യമായ ഉപകരണമാണു സിനഡ്.

സിനഡിന്റെ മൂന്നു രൂപങ്ങള്‍: 1) ഓര്‍ഡിനറി ജനറല്‍ അസംബ്ലി (സാധാരണ പൊതുസമ്മേളനം): സാര്‍വത്രികസഭയുടെ നന്മയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നതിനാണ് ഇത്തരത്തിലുള്ള സമ്മേളനം വിളിച്ചുകൂട്ടുന്നത്. ഇന്നുവരെ പതിനഞ്ച് ഓര്‍ഡിനറി ജനറല്‍ അസംബ്ലികള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ അവസാനത്തേത് 2018 ഒക്ടോബറില്‍ നടന്ന 'യുവജനങ്ങള്‍,വിശ്വാസം, ദൈവവിളിയുടെ വിവേചനാധികാരം' എന്നിവയെക്കുറിച്ചുള്ള സിനഡാണ്. 2) എക്‌സ്ട്രാ ഓര്‍ഡിനറി ജനറല്‍ അസംബ്ലി (അസാധാരണമായ പൊതുസമ്മേളനം): അതിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ, ഇത്തരത്തിലുള്ള സമ്മേളനം സിനഡിന്റെ പൊതുനിയമത്തിന് ഒരു അപവാദമാണ്. അടിയന്തര പരിഗണന ആവശ്യമുള്ള, സാര്‍വത്രികസഭയുടെ നന്മയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നതിനാണ് ഇത ് വിളിച്ചുകൂട്ടുന്നത്. ഇന്നുവരെ, മൂന്ന് അസാധാരണ ജനറല്‍ അസംബ്ലികള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ അവസാനത്തേത് 2014ല്‍ നടന്ന കുടുംബത്തെക്കുറിച്ചുള്ള സിനഡിന്റെ ആദ്യ സെഷനാണ്. 3) സ്‌പെഷ്യല്‍ അസംബ്ലി (പ്രത്യേക സമ്മേളനം): പ്രധാനമായും ഒന്നോ അതിലധികമോ പ്രത്യേക ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇത്തരത്തിലുള്ള സിനഡില്‍ ചര്‍ച്ചചെയ്യുന്നു. ഇന്നുവരെ 10 പ്രത്യേക അസംബ്ലികള്‍ ഉണ്ടായിട്ടുണ്ട്. 2019 ലെ പാന്‍ആമസോണ്‍ മേഖലയെക്കുറിച്ചുള്ള സിനഡ് ഈ വിഭാഗത്തില്‍പെട്ടതാണ്.

സിനഡുസമ്മേളനത്തിന്റെ മൂന്നു ഘട്ടങ്ങള്‍: ഓരോ സിനഡു സമ്മേളനവും മൂന്നു ഘട്ടങ്ങളിലൂടെയാണു നടത്തപ്പെടുന്നത്. ആദ്യത്തേതു തയ്യാറെടുപ്പുഘട്ടമാണ്. മാര്‍പ്പാപ്പ തിരഞ്ഞെടുത്ത വിഷയത്തെക്കുറിച്ചുള്ള ദൈവജനങ്ങളുടെ കൂടിയാലോചനയാണ് ഇതില്‍ പ്രാഥമികമായി ഉള്‍ക്കൊള്ളുന്നത്. ഇത് ഓരോ രൂപതാതലത്തിലും, മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സിനഡല്‍ തലത്തിലും, ഓരോ ഭൂഖണ്ഡതലത്തിലും നടത്തപ്പെടുന്നു. രണ്ടാമത്തേതു ചര്‍ച്ചാഘട്ടമാണ്.
സിനഡിലെ അംഗങ്ങള്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍, ഓഡിറ്റര്‍മാര്‍, മറ്റു വ്യക്തികള്‍ എന്നിവരാണു റോമില്‍ നടക്കുന്ന സിനഡുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെടുന്ന അംഗങ്ങള്‍. സിനഡുസമ്മേളനം ആരംഭിക്കുന്നതും അവസാനിക്കുന്നതും മാര്‍പാപ്പ അര്‍പ്പിക്കുന്ന പരിശുദ്ധ കുര്‍ബാനയോടെയാണ്. ജനറല്‍ അസംബ്ലിയില്‍ എല്ലാവരും പങ്കെടുക്കുമ്പോള്‍ നടത്തുന്ന ഇടപെടലുകളിലൂടെയും ഭാഷാഗ്രൂപ്പുകള്‍ക്കുള്ളിലെ സംഭാഷണങ്ങളിലൂടെയും സിനഡു വി
ഷയത്തിന്റെ ചര്‍ച്ച നടക്കുന്നു. ഈ ചര്‍ച്ചകള്‍ സിനഡിന്റെ അന്തിമരേഖ തയ്യാറാക്കാനുള്ള കമ്മീഷനു സഹായകരമാണ്. അന്തിമരേഖ സിനഡിലെ അംഗങ്ങള്‍ വോട്ടുചെയ്തു അംഗീകരിച്ചു കഴിഞ്ഞാല്‍, അതു മാര്‍പ്പാപ്പയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നു. സിനഡിന്റെ അവസാന ഘട്ടം നടപ്പാക്കല്‍ഘട്ടമാണ്. സാര്‍വത്രികതലത്തിലും മെത്രാന്മാരുടെ സഹകരണത്തോടെ രൂപതാതലങ്ങളിലുമാണ് സിനഡ് തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത്.

സിനഡിനുശേഷമുള്ള അപ്പസ്‌തോലിക പ്രബോധനം: സിനഡിന്റെ നിലനില്‍പ്പുതന്നെ പരിശുദ്ധ പിതാവിന്റെയും അദ്ദേഹത്തിന്റെ സാര്‍വത്രികശുശ്രൂഷയുടെയും സേവനത്തിലാണ് എന്നതിനാല്‍ അവസാനവാക്കു പരിശുദ്ധ പിതാവിന്റേത് ആയിരിക്കുക എന്നത് ഉചിതമാണ്. ഓരോ മാര്‍പാപ്പയും സിനഡിന്റെ വിവിധ ഘട്ടങ്ങളിലൂടെ സമര്‍പ്പിക്കപ്പെട്ട ഉള്ളടക്കം സ്വാംശീകരിക്കുകയും അതില്‍നിന്നു സഭാത്മകജീവിതത്തിനായി നിഗമനങ്ങളില്‍ എത്തിച്ചേരുകയും ചെയ്യുന്നു.
2023 ലെ മെത്രാന്മാരുടെ സിനഡിന്റെ പതിനാറാമതു ജനറല്‍ അസംബ്ലിയുടെ വിഷയം ഒരുമിച്ചു യാത്ര ചെയ്യുന്ന സഭക്കുവേണ്ടി: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം എന്നതാണ്. ഒരുമിച്ചു യാത്രചെയ്യുന്ന ഒരു സഭയാണോ എന്നതാണു ചര്‍ച്ചകള്‍ക്ക് വിഷയമാകുന്നത്.

പതിനാറാമതു ജനറല്‍ അസംബ്ലി മൂന്ന് ഘട്ടങ്ങളായി നടക്കും: 1. സെപ്റ്റംബര്‍ 30 ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ എക്യുമെനിക്കല്‍ വിജില്‍. 2. സെപ്റ്റംബര്‍ 30 വൈകുന്നേരംമുതല്‍ ഒക്ടോബര്‍ 3 വരെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ധ്യാനം. 3. ഒക്ടോബര്‍ 4 മുതല്‍ 29 വരെ: വത്തിക്കാനില്‍ സിനഡുസമ്മേളനം സീറോമലബാര്‍സിനഡില്‍നിന്നു പങ്കെടുക്കുന്നവര്‍: അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവു മേജര്‍ ആര്‍ച്ച്ബിഷപ് എന്ന നിലയില്‍ പങ്കെടുക്കും. ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി എന്നിവരാണു സീറോമലബാര്‍ സിനഡു തിരഞ്ഞെടുത്ത മറ്റു രണ്ട് അംഗങ്ങള്‍.

മരിയന്‍ പ്രാര്‍ത്ഥനാദിനം: മെത്രാന്മാരുടെ സിനഡിന്റെ ആസന്നമായ ജനറല്‍ അസംബ്ലിക്കു ഒരുക്കമായി, 2023 മെയ് 31 ബുധനാഴ്ച കത്തോലിക്കാസഭയിലാകെ മരിയന്‍ പ്രാര്‍ത്ഥനാദിനം സംഘടിപ്പിക്കാന്‍ റോമിലെ ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പരിശുദ്ധ അമ്മയുടെ സന്ദര്‍ശനതിരുനാളും മരിയന്‍ മാസത്തിന്റെ സമാപനവുമാണ് ആ ദിവസം. സീറോമലബാര്‍സഭയില്‍, നമ്മുടെ എല്ലാ ദൈവാലയങ്ങളിലും, മാതാവിന്റെ നാമത്തിലുള്ള എ
ല്ലാ ദൈവാലയങ്ങളിലും കൂടുതല്‍ ആഘോഷത്തോടെയും, 2023 മെയ് 31 ന് മരിയന്‍ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു.

മരിയന്‍ പ്രാര്‍ഥനാദിനാഘോഷത്തിന്റെ ലക്ഷ്യങ്ങള്‍: 1). നടന്നുകൊണ്ടിരിക്കുന്ന സിനഡല്‍ പ്രക്രിയയുടെ പ്രാധാന്യത്തെക്കുറിച്ചു ദൈവജനത്തെ ബോധവാന്മാരാക്കുകയും വിശ്വാസികളുടെ പ്രാര്‍ത്ഥനാസഹായം തേടുകയും ചെയ്യുക; 2). സഭയുടെ മുഴുവന്‍ സിനഡല്‍ പ്രക്രിയയും പ്രത്യേകിച്ചു മെത്രാന്മാരുടെ സിനഡിന്റെ ജനറല്‍ അസംബ്ലിയുടെ പ്രവര്‍ത്തനങ്ങളും, പരിശുദ്ധ അമ്മയുടെ പ്രത്യേക സംരക്ഷണത്തിനു ഭരമേല്പിക്കുക; 3). സഭയില്‍ വിവിധ വിളി സ്വീകരിച്ചി
രിക്കുന്നവരുടെ (അല്മായര്‍, പുരോഹിതര്‍, സമര്‍പ്പിതര്‍) പങ്കാളിത്തം ഉറപ്പാക്കുക.

റോമില്‍ സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 29 വരെ റോമില്‍ നടത്തപ്പെടുന്ന മെത്രാന്മാരുടെ സിനഡിന്റെ പതിനാറാമതു ജനറല്‍ അസംബ്ലിയുടെ വിജയത്തിനായി സാര്‍വത്രികസഭയുടെ ഐക്യത്തില്‍, നമുക്കു പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടാം.
 


  Download