സീറോമലബാർ മെത്രാൻ സിനഡിന്റെ അടിയന്തര സമ്മേളനം

സീറോമലബാർസഭയിലെ മെത്രാന്മാരുടെ സിനഡിന്റെ ഒരു അടിയന്തര സമ്മേളനം 2023 ജൂൺ 12 മുതൽ 16 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടക്കുന്നതാണ്. സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിനഡു വിളിച്ചുചേർത്തുകൊണ്ടുള്ള ഔദ്യോഗിക ഡിക്രി സിനഡ് അംഗങ്ങളായ മെത്രാന്മാർക്ക് നൽകിയിട്ടുണ്ട്. സീറോമലബാർസഭയുടെ പെർമനന്റ് സിനഡ് അംഗങ്ങൾ വത്തിക്കാനിൽ നടത്തിയ ചർച്ചയുടെ തുടർച്ചയായി, പരിശുദ്ധ സിംഹാസനത്തിന്റെ നിർദ്ദേശപ്രകാരമാണ് ഇത്തരമൊരു അടിയന്തര സിനഡ് സമ്മേളനം വിളിച്ചുചേർത്തിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തലാകും ഈ സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം. സഭാംഗങ്ങളെല്ലാവരും സിനഡിന്റെ വിജയത്തിനായി പ്രാർത്ഥിക്കണമെന്ന് മേജർ ആർച്ചുബിഷപ്പ് അഭ്യർത്ഥിച്ചു.