മാർ ജോൺ പനന്തോട്ടത്തിൽ അഭിക്ഷിക്തനായി

മെൽബൺ: സെന്റ് തോമസ് മെൽബൺ സീറോ മലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി മാർ ജോൺ പനന്തോട്ടത്തിൽഅഭിക്ഷിക്തനായി.  പരിശുദ്ധ ദൈവമാതാവിന്റെ സന്ദർശന തിരുന്നാൾ ദിനമായ മെയ് 31(ബുധനാഴ്ച) മെൽബണിലെ ക്യാമ്പെൽഫീൽഡിലുള്ള വിളവുകളുടെ നാഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള കൽദായ കത്തോലിക്കാ ദേവാലയത്തിലാണ് (ഔർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്‌സ്) മെത്രാഭിഷേക ചടങ്ങുകൾ നടന്നത്.വൈകീട്ട് 4.45ന്  മെത്രാന്മാരും വൈദികരും പ്രദക്ഷിണമായി ദേവാലയത്തിലേക്ക് പ്രവേശിക്കുന്നതോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. ബിഷപ്പ് ബോസ്‌കോ പുത്തൂർ സ്വാഗതം ആശംസിച്ചു. മാർ ജോൺ പനന്തോട്ടത്തിലിനെ മെൽബൺ രൂപതയുടെ മെത്രാനായി നിയമിച്ചു കൊണ്ടുള്ള പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ ഉത്തരവ് ഓസ്‌ട്രേലിയായിലെ അപ്പസ്‌തോലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് ചാൾസ് ബാൽവോ വായിച്ചു. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് അഭിവന്ദ്യ കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ച  തിരുക്കർമ്മങ്ങളിൽ മാർ ബോസ്‌കോ പുത്തൂർ, താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ എന്നിവർ സഹകാർമ്മികരായി. വികാരി ജനറാൾ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി തിരുക്കർമ്മങ്ങളിൽ ആർച്ച് ഡീക്കനായി പങ്കെടുത്തു. 
 മെത്രാഭിഷേക തിരുക്കർമ്മങ്ങൾക്ക് ശേഷം മാർ ജോൺ പനന്തോട്ടത്തിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ മാർ ബോസ്‌കോ പുത്തൂർ പിതാവും റെമിജിയൂസ് ഇഞ്ചനാനിയിൽ പിതാവും സഹകാർമ്മികരായി. ബ്രിസ്‌ബെൻ അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർക്ക് കോൾറിഡ്ജ് പിതാവ് വചനസന്ദേശം നല്കി. വിശുദ്ധ കുർബാനക്ക് ശേഷം നടന്ന ചടങ്ങിൽ വച്ച് രൂപതയുടെ ഉപഹാരമായി ബോസ്‌കോ പുത്തൂർ പിതാവിന്, മോൺ. ഫ്രാൻസിസ് കോലഞ്ചേരി, പാസ്റ്ററൽ കൗൺസിൽ മുൻ സെക്രട്ടറി ജീൻ തലാപ്പിള്ളിൽ, പാസ്റ്ററൽ കൗൺസിൽ അംഗം എൽസി ജോയി എന്നിവർ ചേർന്ന് മൊമെന്റൊ സമ്മാനിച്ചു. തുടർന്ന് മാർ ബോസ്‌കോ പുത്തൂർ പിതാവും മാർ ജോൺ പനന്തോട്ടത്തിൽ പിതാവും ചടങ്ങുകൾക്ക് നന്ദി അർപ്പിച്ചു. മാർ ബോസ്‌കോ പുത്തൂർ പിതാവിന്റെ യാത്രയയപ്പിനോടനുബന്ധിച്ച് പ്രസിദ്ധികരിക്കുന്ന സുവനീറിന്റെപ്രകാശനകർമ്മം ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്‌സ് കൗൺസിൽ പ്രസിഡന്റും പെർത്ത് അതിരൂപത ആർച്ച് ബിഷപ്പുമായ അഭിവന്ദ്യ തിമോത്തി കോസ്റ്റെല്ലൊ പിതാവ് നിർവ്വഹിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ. ജോബി ഫിലിപ്പ് കൃതഞ്ജത അർപ്പിച്ചു.
യുറോപ്പിലെ സീറോ മലബാർ അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, രാജ്‌കോട്ട് ബിഷപ്പ് മാർ ജോസ് ചിറ്റൂപ്പറമ്പിൽ, ഷംഷബാദ് രൂപതാ സഹായ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ ഉൾപ്പെടെ ഓഷ്യാനിയയിലെ വിവിധ രൂപതകളിൽ നിന്നുള്ള 30 ഓളം ബിഷപ്പുമാരും മെൽബൺ രൂപതയിൽ സേവനം ചെയ്യുന്ന മുഴുവൻ വൈദികരും ഓസ്‌ട്രേലിയയിലും ന്യുസിലാൻഡിലും മറ്റു രൂപതകളിൽ സേവനം അനുഷ്ഠിക്കുന്ന മലയാളി വൈദികരും രൂപതയുടെ വിവിധ ഇടവകകളിൽനിന്നും മിഷനുകളിൽ നിന്നുമായി ആയിരത്തോളം അത്മായരും സ്ഥാനാരോഹണ ചടങ്ങുകൾക്ക് സാക്ഷ്യംവഹിക്കാനായി എത്തിച്ചേർന്നു. ഓസ്‌ട്രേലിയൻ ഫെഡറൽ-വിക്‌ടോറിയ സംസ്ഥാനതല മന്ത്രിമാരും സാമുഹീക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.