സൗത്ത് ഏഷ്യൻ വിശ്വാസപരിശീലന ശില്പശാല നേപ്പാളിൽ സംഘടിപ്പിച്ചു

'ലോകത്തിന് സാക്ഷികളായി വിളിക്കപ്പെട്ടവർ' എന്ന ആപ്തവാക്യത്തെ അടിസ്ഥാനമാക്കി Federation of Asian Bishops' Conference (FABC) വിശ്വാസപരിശീലകർക്കായി സംഘടിപ്പിച്ച ശില്പശാല (Workshop) മെയ് 24-28 വരെ നേപ്പാളിൽ വെച്ചു നടന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങളായ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നായി 33 പ്രതിനിധികൾ സംബന്ധിച്ച വർക്ക്ഷോപ്പിൽ സീറോമലബാർസഭയെ പ്രതിനിധീകരിച്ച് വിശ്വാസപരിശീലന കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത്, ടീം അംഗങ്ങളായ ശ്രീ. ബിനോ പി. ജോസ് പെരുന്തോട്ടത്തിൽ (കാഞ്ഞിരപ്പള്ളി), സി. ഹംബലിൻ സി.എം.സി. (തൃശ്ശൂർ) എന്നിവർ പങ്കെടുത്തു. സീറോമലബാർസഭയുടെ വിശ്വാസപരിശീലന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് മീറ്റിംഗിൽ അവതരിപ്പിച്ചു. മുംബൈ സഹായമെത്രാനും FABCയുടെ സംഘാടകനുമായ ബിഷപ്പ് ആൽവിൻ ഡി സിൽവ സമ്മേളനം ഉദ്ഘാടനം ചെയ്തു. FABCയുടെ ഘടനയും ഉത്തരവാദിത്വങ്ങളും വിശ്വാസപരിശീലനത്തിന്റെ മുഖ്യ വിഷയങ്ങളും പഠന വിധേയമായി.  ഈശോമിശിഹായ്ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുവാൻ ഈ സമ്മേളനം പ്രചോദനം നൽകുന്നതായിരുന്നുവെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു.