സീറോ മലബാർ സഭയുടെ നേതൃത്വ ശുശ്രുഷയിൽ പത്തു വർഷം പൂർത്തിയാക്കി കർദിനാൾ മാർ ആലഞ്ചേരി

മേജർ ആർച്ചു ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സീറോ മലബാർ സഭയുടെ മേജർ ആർച്ചു ബിഷപ്പായി സ്ഥാനമേറ്റെടുത്തിട്ടു ഇന്നു പത്തു വർഷം പൂർത്തിയാകുന്നു. കർദിനാൾ മാർ വർക്കി വിതയത്തിലിൻ്റെ ദേഹവിയോഗത്തെ തുടർന്നു സമ്മേളിച്ച സീറോ മലബാർ മെത്രാൻ സിനഡ് 2011 മേയ് 14 നു അന്നു തക്കല രൂപതയുടെ മെത്രാൻ ആയിരുന്ന മാർ ജോർജ് ആലഞ്ചേരിയെ സഭയുടെ മേജർ ആർച്ചു ബിഷപ്പായി തിരഞ്ഞെടുത്തു. 2011 മേയ് 29 നു സിനഡിലെ മെത്രാന്മാരുടെയും ഭാരതത്തിലെ വത്തിക്കാൻ പ്രതിനിധിയുടെയും മേലധ്യക്ഷന്മാരുടെയും സാന്നിധ്യത്തിൽ എറണാകുളം - അങ്കമാലി അതിരൂപതയുടെ കത്തീഡ്രൽ ബസിലിക്കയിൽ നടന്ന തിരുക്കർമ്മങ്ങൾക്കിടയിൽ മാർ ജോർജ് ആലഞ്ചേരി സീറോ മലബാർ സഭയുടെ മൂന്നാമത്തെ മേജർ ആർച്ചു ബിഷപ്പായി സ്ഥാനമേറ്റെടുത്തു.