ജീവൻ്റെ സമഗ്ര സംരക്ഷണം സഭയുടെ നന്മ: ബിഷപ് ഡോ. മുല്ലശേരി


കൊച്ചി. മനുഷ്യജീവൻ്റെ  സമഗ്ര സംരക്ഷണം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണു സഭയെ നന്മയിലേക്ക് നയിക്കുന്നതെന്ന് കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ ഡോ. പോൾ ആൻ്റെണി മുല്ലശേരി പറഞ്ഞു. കെസിബിസി പ്രോ-ലൈഫ് സമിതിയുടെ സംസ്ഥാന നേതൃസമ്മേളനം പാലാരിവട്ടം പിഒസിയിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ മുഴുവൻ കുടുംബങ്ങളുടെയും വ്യക്തികളുടെയും ക്ഷേമവും പുരോഗതിയും ഉറപ്പാക്കുന്നതാണ് പ്രോ-ലൈഫ് സംസ്കാരം. പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന വിവിധ ശുശ്രൂഷകൾ ശ്ലാഘനീയമാണ്. പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന പ്രേഷിതർ സഭയ്ക്കും സമൂഹത്തിനും അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.
കുടുംബങ്ങളുടെ കെട്ടുറപ്പും കുഞ്ഞുങ്ങളുടെ സംരക്ഷണവും നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഇക്കാലഘട്ടത്തിൽ ജീവൻ്റെ  സംരക്ഷണ ശുശ്രൂഷകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പറഞ്ഞു.