തിരുവനന്തപുരം: മണിപ്പുരിലെ സംഘർഷങ്ങൾ ഇല്ലാതാക്കാനും ജനജീവിതം സുഗമമാക്കാനും മണിപ്പുർ സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കെസിബിസി (കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ) പ്രസിഡന്റ് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. മനുഷ്യർ ജീവൻ ഭയന്ന് പലായനം ചെയ്യുന്നു. വൈദികർ ഉൾപ്പെടെ ആക്രമിക്കപ്പെടുന്നു. ക്രൈസ്തവ സമൂഹം ഭയാശങ്കകളോടെയാണ് ഈ ആക്രമണങ്ങളെ കാണുന്നത്. വിവിധ വിഭാഗങ്ങൾ തമ്മിൽ സമാധാനവും സഹവർത്തിത്വവും പുലരുന്ന നടപടികളാണ് കൈക്കൊള്ളേണ്ടത്. ഒരു വിഭാഗത്തിന്റെ അവകാശങ്ങൾ കവർന്നെടുത്ത് മറ്റൊരു വിഭാഗത്തിന് നൽകുന്നത് നീതി നിർവഹണമാകില്ല. മതത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് നന്നല്ല. എല്ലാ വിഭാഗം ജനങ്ങൾക്കും നീതി ലഭിക്കും എന്ന അവസ്ഥയുണ്ടായാലേ ഭരണവ്യവസ്ഥയോട് വിശ്വാസവും അതുവഴി സമാധാനവും ഉണ്ടാകൂ. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് അതിനു വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണം. മണിപ്പുരിന്റെ മണ്ണിൽ നിന്ന് പരസ്പര വിദ്വേഷവും കാലുഷ്യവും തുടച്ചുമാറ്റുന്ന നടപടികളാണ് സമാധാന കാംക്ഷിക്കുന്ന സമൂഹം പ്രതീക്ഷിക്കുന്നതെന്നും കലാപങ്ങളിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മാർ ക്ലീമിസ് ബാവ പറഞ്ഞു.