സഭാനവീകരണ യജ്ഞത്തിന്റെ ഭാഗമായി കേരളസഭയുടെ പ്രഥമ പ്രാദേശിക ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഡിസംബറിൽ നടക്കും. വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടന ബസിലിക്കയില്‍ ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തിയതികളിലാണു ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുക. വിവിധ രൂപതകളെയും സന്യാസ സമൂഹങ്ങളെയും പ്രതിനിധീകരിച്ചു മെത്രാന്മാർ, വൈദികർ, സന്ന്യസ്തർ, അല്മായർ എന്നിവർ പങ്കെടുക്കും. വിപുലമായ ക്രമീകരണങ്ങളാണു ദിവ്യകാരുണ്യ കോൺഗ്രസിനായി ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി റിസോഴ്സ് ടീം പരിശീലനം കഴിഞ്ഞദിവസം കോട്ടയത്ത് നടന്നു. ദിവ്യകാരുണ്യ കോൺഗ്രസിന് എത്തുന്ന പ്രതിനിധികൾക്ക് എറണാകുളത്തെ വിവിധ ഇടവകകൾ കേന്ദ്രീകരിച്ചു വിശ്വാസികളുടെ ഭവനങ്ങളിൽ താമസ സൗകര്യമൊരുക്കും.
കേരളസഭയുടെ പ്രഥമ പ്രാദേശിക ദിവ്യകാരുണ്യ കോണ്‍ഗ്രസ് സംബന്ധിച്ച് ഈ മാസം നടക്കുന്ന കെസിബിസി വർഷകാല സമ്മേളനത്തിൽ രൂപരേഖ തയാറാക്കുമെന്ന് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.