സൗജന്യ വാക്സിൻ : കേന്ദ്രസർക്കാർ തീരുമാനം സമയോചിതമെന്നു കർദിനാൾ മാർ ആലഞ്ചേരി

രാജ്യത്തെ 18 വയസിനു മുകളിലുള്ള പൗരന്മാർക്കെല്ലാം കോവിഡ് പ്രതിരോധ വാക്സിൻ സൗജന്യമായി നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം സമയോചിതവും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതുമാണെന്നു കെ സി ബി സി പ്രസിഡൻ്റ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വാക്സിൻ വിലകൊടുത്തു വാങ്ങേണ്ടി വരുന്നതിലൂടെ പാവപ്പെട്ടവർ അവഗണിക്കപ്പെടുന്ന സാഹചര്യം നീതിക്കു നിരക്കുന്നതല്ല. സൗജന്യ വാക്സിൻ അത്തരമൊരു അവസ്ഥക്ക് പരിഹാരമാകും. സ്വകാര്യ ആശുപത്രികൾക്കും മറ്റ് ഏജൻസികൾക്കും നിയന്ത്രിതമായ വിലക്കു വാക്സിനേഷൻ നൽകാനുള്ള സാധ്യത നിലനിർത്തുന്നതും സ്വാഗതാർഹമാണ്‌. ഇത് എല്ലാവർക്കും വാക്സിനേഷനു സാഹചര്യം ഒരുക്കും.

പുതിയ വാക്സിൻ നയത്തിൻ്റെ അടിസ്ഥാനത്തിൽ വാക്സിനേഷനു വേണ്ടി സംസ്ഥാന ആരോഗ്യ മന്ത്രാലയം മുന്നോട്ടുവയ്ക്കുന്ന കർമ്മപരിപാടികൾക്കു കേരളത്തിലെ കത്തോലിക്കാ സഭയുടെ പൂർണ സഹകരണം ഉണ്ടാകുമെന്നും കർദിനാൾ പറഞ്ഞു.