ബാലപീഡനത്തിനെതിരേ കർശനമാക്കി കാനൻ നിയമവ്യസ്ഥകൾ

കാനൻ നിയമത്തിൽ ബാലപീഡനത്തിനെതിരേ കർശന വ്യവസ്ഥകൾ

2007 മുതൽ നടന്നു വരുന്ന 14 വർഷം നീണ്ട പഠനത്തിനൊടുവിൽ ലത്തീൻ കാനൻ നിയമത്തിൽ പുതിയ ഭേദഗതികൾ കൊണ്ടുവന്ന്  നവീകരണം പൂർത്തിയാക്കി പരിഷ്ക്കരിച്ച പതിപ്പ് പ്രസിദ്ധീകരിച്ചു. ലത്തീൻ കാനൻ നിയമത്തിൽ ശിക്ഷണ നടപടികൾ വിശദീകരിക്കുന്ന ആറാം പുസ്‌തകത്തിൻ്റെ നവീകരണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. 1395, 1398 എന്നീ രണ്ട് വ്യവസ്ഥകളാണ് പുതിയതായി ഉൾപ്പെടുത്തിയത്. പുതുക്കിയ വ്യവസ്ഥകൾ അനുസരിച്ചു, പ്രായപൂർത്തിയാകാത്തവരെ പീഡിപ്പിക്കുകയോ അവരുടെ അശ്ലീല ചിത്രങ്ങൾ കൈകാര്യം ചെയ്യുകയോ ചെയ്യുന്നത് മനുഷ്യവ്യക്തിയുടെ ജീവൻ, മാഹാത്മ്യം, സ്വാതന്ത്ര്യം എന്നിവയ്‌ക്കെതിരായ കുറ്റമായി കരുതി കർശന ശിക്ഷകൾ നൽകും.ഈ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ ഔദ്യോഗിക പദവികൾ നഷ്ടപ്പെടാവുന്നതാണ്. സഭാ സേവനത്തിലുള്ള അല്മായർക്കും ഇതു ബാധകമാണ്. കുറ്റകൃത്യങ്ങൾ ചെയ്യുന്നവരോടു കരുണ കാണിക്കുന്നതോടൊപ്പം അവരെ തിരുത്തുകയും വേണമെന്ന് മാർപാപ്പ പ്രമാണരേഖയിൽ പ്രസ്താവിച്ചു. കരുണയും നീതിയും തമ്മിലുള്ള ബന്ധം കൃത്യമായി വ്യാഖ്യാനിക്കുമ്പോൾ ശിക്ഷകൾക്കും അർഹിക്കുന്ന സ്ഥാനം നൽകണം. ഉപദേശംകൊണ്ടുമാത്രം കുറ്റകരമായ സ്വഭാവരീതികൾ തിരുത്തപ്പെടുകയില്ല; മാർപാപ്പ പറഞ്ഞു.