രാഷ്ട്രീയപ്രവർത്തനങ്ങൾ ജീവകാരുണ്യ ഫലം പുറപ്പെടുവിക്കണം: ഫ്രാൻസിസ് പാപ്പാ

ഇറ്റലിയിലെ നഗരമായ ബ്രെഷ്യയിലെ പോൾ ആറാമൻ ഇൻസ്റ്റിട്യൂട്ട് ഏർപ്പെടുത്തിയ പോൾ ആറാമൻ പുരസ്കാരം മെയ് മാസം ഇരുപത്തിയൊമ്പതാം തീയതി, പോൾ ആറാമൻ പാപ്പായുടെ ഓർമ്മദിവസം ഇറ്റാലിയൻ പ്രസിഡന്റ് സെർജോ മത്തെരല്ലയ്ക്ക് ഫ്രാൻസിസ് പാപ്പാ സമ്മാനിച്ചു. തദവസരത്തിൽ ഇറ്റാലിയൻ പ്രസിഡന്റ് എന്ന നിലയിലും, പൗരനെന്ന നിലയിലും, അധ്യാപകനും കത്തോലിക്കനുമെന്ന നിലയിലും സമൂഹത്തിലെ അധഃസ്ഥിതരായ സഹോദരങ്ങൾക്ക് വേണ്ടി ചെയ്യുന്ന മത്തെരല്ലയുടെ സേവനങ്ങളെ ഫ്രാൻസിസ് പാപ്പാ നന്ദിയോടെ സ്മരിക്കുകയും, അനുമോദനങ്ങൾ അറിയിക്കുകയും ചെയ്തു.

തന്റെ സന്ദേശത്തിൽ,പോൾ ആറാമൻ പാപ്പാ സഭയ്ക്കും സമൂഹത്തിനും തന്റെ രചനകളാലും,പ്രവർത്തനങ്ങളാലും നൽകിയ അമൂല്യമായ സേവനങ്ങളെ സ്മരിക്കുകയും, അദ്ദേഹം കാട്ടിത്തന്ന ജീവിതസാക്ഷ്യത്തിനു കാതോർക്കുവാൻ എല്ലാവരെയും ആഹ്വാനം ചെയ്യുകയും ചെയ്തു.രണ്ടാം വത്തിക്കാൻ സൂനഹദോസിൽ , സഭാശുശ്രൂഷയിൽ അൽമായ വിശ്വാസികളുടെ പങ്കിനെ അടിവരയിട്ട്, അവരുടെ സേവനങ്ങളെ  ഉയർത്തിക്കാട്ടിയ അദ്ദേഹത്തിന്റെ ധീരതയാർന്ന വാക്കുകൾ മാമ്മോദീസ വഴിയായി ഓരോ അല്മായനും ഏറ്റെടുക്കുന്ന സഭാ ദൗത്യത്തെ പറ്റി കൂടുതൽ അവബോധം സഭയിൽ ഉണ്ടാകുവാൻ സഹായകരമായെന്ന സത്യവും പാപ്പാ ഓർമ്മിപ്പിച്ചു.

തുടർന്ന് രാഷ്ട്രീയ പ്രവർത്തനങ്ങളെ എങ്ങനെ  ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വേദിയാക്കി തീർക്കണമെന്നതിന്റെ ആവശ്യകതയും പാപ്പാ അടിവരയിട്ടുപറഞ്ഞു. ദാനധർമ്മവും, സേവനവും രാഷ്ട്ര സേവനത്തിനു അത്യന്താപേക്ഷിതമാണെന്നും അതിനായി സത്യസന്ധരായ മനുഷ്യരായി നാം മാറണമെന്നുമുള്ള പോൾ ആറാമന്റെ വാക്കുകൾ ഒരിക്കൽക്കൂടി പാപ്പാ അനുസ്മരിച്ചു. സേവനത്തിന്റെ മൂല്യവും അന്തസ്സും, ഏറ്റവും ഉയർന്ന ജീവിതശൈലിയും ആഘോഷിക്കാനുള്ള നല്ലൊരു അവസരമാണ്  ഈ പുരസ്‌കാരച്ചടങ്ങെന്നും പാപ്പാ എടുത്തു പറഞ്ഞു. ഇറ്റലിയുടെ ബുദ്ധിമുട്ടേറിയ കാലഘട്ടങ്ങളിൽ ഭരണാധികാരിയെന്ന നിലയിൽ സെർജോ മത്തെരല്ല നൽകിയ ജീവിത മാതൃക ഇറ്റാലിയൻ ജനതയുടെ മനസ്സിൽ എന്നും തങ്ങിനിൽക്കുമെന്ന ആശംസയും പാപ്പാ പങ്കുവച്ചു.