മധ്യപൂർവ്വദേശങ്ങളിൽ ഒരു മാനവികദുരന്തം ഒഴിവാക്കാനായി സാധ്യമായതെല്ലാം ചെയ്യാൻ ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു. ഒക്ടോബർ 18 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാസമ്മേളനത്തിന്റെ അവസരത്തിലാണ് ഇസ്രായേൽ-പാലസ്തീന യുദ്ധത്തെ പരാമർശിച്ചുകൊണ്ട് സമാധാനത്തിനായി പ്രവർത്തിക്കാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്‌തത്.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സായുധയുദ്ധങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്നതിനിടെ സംഘർഷങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുവാനുള്ള സാധ്യതകളാണ് ഉണ്ടാകുന്നതെന്ന് പാപ്പാ അപലപിച്ചു. ആയുധങ്ങൾ നിശബ്ദമാകട്ടെയെന്നും, സമാധാനത്തിനായുള്ള സാധാരണ ജനത്തിന്റെയും കുട്ടികളുടെയും നിലവിളി ശ്രവിക്കാനും പാപ്പാ ആവശ്യപ്പെട്ടു.