ഒക്ടോബർ നാല് മുതൽ ഇരുപത്തിയൊൻപത് വരെ വത്തിക്കാനിൽ നടക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ പതിനാറാം സാധാരണ പൊതുസമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ നടത്തിയ പ്രഭാഷണത്തിൽ, സിനഡൽ സമ്മേളനത്തെ പരിശുദ്ധാത്മാവാണ് നയിക്കേണ്ടതെന്നും, ഇതൊരു പാർലമെന്ററി സമ്മേളനമല്ലെന്നും, പരസ്പരം തുറന്ന മനസ്സോടെ ശ്രവിച്ച് മുന്നോട്ട് പോകണമെന്നും ഓർമ്മിപ്പിച്ചു. പടിഞ്ഞാറൻ നാടുകളിലെ സഭയിൽ സിനഡൽ സഭ എന്ന ചിന്ത നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ്, സിനഡിനായുള്ള സെക്രെട്ടറിയേറ്റ് സൃഷ്‌ടിച്ച വിശുദ്ധ പോൾ ആരാമം പാപ്പായെ അനുസ്മരിച്ചുകൊണ്ടാണ് മെത്രാന്മാരുടെ സിനഡിന്റെ പതിനാറാം സാധാരണ പൊതുസമ്മേളനത്തിന് ഫ്രാൻസിസ് പാപ്പാ തുടക്കം കുറിച്ചത്. കഴിഞ്ഞ അറുപത് വർഷങ്ങളുടെ സിനഡൽ യാത്രയ്ക്ക് ശേഷമാണ് സിനഡാലിറ്റി എന്ന ആശയത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ സിനഡിലേക്ക് നാം വന്നിരിക്കുന്നതെന്ന് പാപ്പാ അനുസ്മരിച്ചു.