ജൂലൈ രണ്ടിന് കേരള കത്തോലിക്കാ സഭയിലും പ്രാർത്ഥനാദിനം

കലാപം നടക്കുന്ന മണിപ്പുരിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചും പലായനം ചെയ്യപ്പെട്ടവർ, മരണഭീതിയിൽ കഴിയുന്നവർ, പീഡിപ്പിക്കപ്പെടുന്നവർ എന്നിവരോടു ഐക്യദാർഢ്യം പ്രകടിപ്പിച്ചും ജൂലൈ രണ്ടിന് കേരള കത്തോലിക്കാ സഭയിൽ പ്രാർത്ഥനാദിനമായി ആചരിക്കാൻ കെസിബിസി ആഹ്വാനം ചെയ്തു. മണിപ്പുരിൽ ദുരിതമനുഭവിക്കുന്നവർക്കു സഹായമെത്തിക്കുന്നതിന് ജൂലൈ ഒമ്പതിലെ സ്തോത്രകാഴ്ച പ്രത്യേകമായി സമാഹരിക്കണമെന്നും കെസിബിസി സർക്കുലറിലൂടെ ആവശ്യപ്പെട്ടു.

ക്രൈസ്തവ സമൂഹത്തിലെ അംഗങ്ങൾ എന്ന നിലയിലും മതേതരത്വത്തെ മാനിക്കുന്നവർ എന്ന നിലയിലും മണിപ്പുരിലുൾപ്പെടെ രാജ്യത്ത് ഉണ്ടാകുന്ന അസ്വസ്ഥതകളെയും അരക്ഷിതാവസ്ഥകളെയും കണ്ടില്ലെന്ന് നടിക്കാനോ പ്രതികരിക്കാതിരിക്കാനോ കഴിയില്ല. ഏതു സമൂഹത്തിനും അവർ ആയിരിക്കുന്ന ഇടങ്ങളിൽ സുരക്ഷിതമായി, ഭയലേശമില്ലാതെ ജീവിക്കാൻ സാധിക്കുന്നവിധം രാജ്യത്തിലെ പൗരന്മാരെ ഒന്നായിക്കണ്ട് അവർക്ക് സുരക്ഷിതത്വം ഉറപ്പുനൽകേണ്ട ഉത്തരവാദിത്വം ഭരണനേതൃത്വങ്ങൾക്കുണ്ട്. മണിപ്പുരിൽ നടമാടുന്ന അക്രമ പ്രവർത്തനങ്ങളോടും കലാപങ്ങളോടും നി ഷ്പക്ഷമായി പ്രതികരിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഇനിയും വൈകരുത്.