മനുഷ്യന്റെ പരിമിതികളും ദുരിതങ്ങളും: പാപ്പായുടെ അപ്പസ്തോലിക ലേഖനം

വിശ്വപ്രസിദ്ധനായ തത്വചിന്തകൻ ബ്ലെയ്‌സ് പാസ്‌ക്കലിന്റെ നാനൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പാ അപ്പസ്തോലിക ലേഖനം പങ്കുവച്ചു

1623 ജൂൺ 19 ന് മധ്യഫ്രാൻസിലെ ക്ലെർമോന്ത്  പ്രവിശ്യയിൽ ജനിച്ച  ബ്ലെയ്‌സ് പാസ്‌ക്കലിന്റെ തത്വചിന്താധാരയുടെ പ്രധാന  ആശയം മനുഷ്യന്റെ പരിമിതികളും, ദുരിതങ്ങളും എന്നതായിരുന്നു. ചെറുപ്പം മുതലേ സത്യം അറിയുവാനും, സത്യത്തെ മുറുകെ പിടിക്കുവാനും അദ്ദേഹം നടത്തിയ കഠിന പരിശ്രമങ്ങൾ ഇന്നും ലോകചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏടുകളാണ്.

ഗണിതം,ഭൂമിശാസ്ത്രം,ഭൗതികശാസ്ത്രം, തത്വശാസ്ത്രം എന്നീ മേഖലകളിൽ അദ്ദേഹം നടത്തിയ ശ്രദ്ധേയമായ നേട്ടങ്ങളാൽ വളരെ ചെറുപ്പത്തിൽ തന്നെ പ്രശസ്തിപഥത്തിൽ എത്തിയ ബ്ലെയ്‌സ് പാസ്‌ക്കൽ,  തത്ത്വചിന്താപരവും മതപരവുമായ സന്ദേഹവാദത്തിന്റെ പ്രഭാവത്തിന്റെയും, ശാസ്ത്രത്തിന്റെ പല മേഖലകളിലെയും വലിയ മുന്നേറ്റങ്ങളുടെയും  ഒരു നൂറ്റാണ്ടിൽ അശ്രാന്തമായ സത്യാന്വേഷിയാണെന്ന് തെളിയിച്ച വ്യക്തി കൂടിയാണ്.