കൃഷിയിലൂടെയുള്ള അതിജീവനം

 കേരളത്തിന് ഒരു കർഷക തനിമ നല്കിയതിൽ ക്രൈസ്തവർ ഏറെ പങ്കുവഹിച്ചു. കൃഷി ചെയ്ത് വിയർപ്പൊഴുക്കി, മണ്ണിൽ പണിതുളള ജീവിതം തികച്ചും ബൈബിളധിഷ്ഠിതമായ ഒന്നാണ്. മൂല്യാധിഷ്ഠിത സ്വഭാവമുളള ഒരു സമൂഹമായി കേരളം നിന്നതിൽ കൃഷി വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. ഈ ലോക്ക് ഡൗൺ കാലത്തിലൂടെ ഒരു പുതിയ അതിജീവനകല വികസിപ്പിച്ചെടുക്കാൻ ശ്രമിക്കാം. എല്ലാ കുടുംബങ്ങളിലും പളളികളിലും സന്ന്യാസഭവനങ്ങളിലും മഠങ്ങളിലും ഇതര സ്ഥാപനങ്ങളിലും കൃഷിചെയ്യുക എന്നതാണ് പ്രധാനകാര്യം.
    ലോക്ക് ഡൗൺ നല്ല ഒരു പുനഃക്രമീകരണം, പുനർവിചാരം എന്നിവയിലേക്ക് നമ്മെ നയിക്കുന്നു. പ്രകൃതിയിൽ അണുബാധയോടൊപ്പംതന്നെ മറ്റുവിധത്തിൽ അണുവിമുക്തമാക്കലും നടക്കുന്നുണ്ട്. പ്രകൃതി മരണങ്ങളും രോഗബാധകളുമൊക്കെ മാനസാന്തരത്തിനുള്ള ആഹ്വാനമായിട്ടാണ് ബൈബിളിൽ നാം കാണുന്നത്. മാനസാന്തരം മനുഷ്യജീവിതത്തിൻ്റെ  സമസ്തമേഖലകളെയും സ്പർശിക്കുന്നതാണ്. ആത്മീയമേഖലയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. ജീവിതശൈലിയിൽ മാറ്റം വരുത്തുക എന്നതാണ് പ്രധാനം. കൃഷി ഒരു മൂല്യമാണ്. കാർഷികമേഖലയിലെ പാളിച്ചകൾ നമ്മുടെ മൂല്യശ്രേണികളെ തകിടം മറിച്ചു. അദ്ധ്വാനത്തിൻ്റെ  സംസ്കാരം മാറി അലസത വേരെടുത്തു. പങ്കുവയ്ക്കലിൻ്റെ  സംസ്കാരം മാറി സ്വാർത്ഥതയുടെ കാഴ്ച്ചപ്പാടുകൾ ഉടലെടുത്തു. സ്വയംപര്യാപ്തതയുടെയും സംതൃപ്തിയുടെയും മനോധൈര്യത്തിൻ്റെയും സംസ്കാരം മാറി അന്ധമായ പരാശ്രയത്വവും വളർന്നു. കൃഷിയിടത്തിലൂടെയും പച്ചക്കറിത്തോട്ടത്തിലൂടെയും ഒന്നു നടന്നാൽത്തന്നെ എന്തൊരു കുളിർമയാണ്. കുട്ടികളെ കൃഷിയിടങ്ങളിൽനിന്ന് അകലാൻ പഠിപ്പിച്ച വിദ്യാഭ്യാസസംസ്കാരം നമ്മുടെ രാജ്യത്ത് വളർന്നു വന്നു. തീ പുകയാത്ത അടുക്കളകളും പാചകമില്ലാത്ത വീടുകളും ഏറെയായി. വീടിനുപുറത്തുനിന്നുള്ള ആഹാരം കഴിച്ച് ജീവിതശൈലീ രോഗങ്ങൾ വർദ്ധിച്ചു വരുന്നു. 

 കാർഷികമേഖലയിലേക്ക് തിരിച്ചുവരുക

പൊന്നു വിളയുന്ന മണ്ണ് എന്നാണ് നമ്മുടെ പ്രദേശത്തെക്കുറിച്ചു പറയാറുള്ളത്. എന്നാൽ ഏക്കറു കണക്കിനു ഭൂമി പലയിടങ്ങളിലായി കൃഷി ചെയ്യാതെ കിടക്കുന്നു. ജനവാസമില്ലാത്ത വീടുകൾ നാട്ടിൽ കൂടി വരുന്നു. കൃഷിയോട് അസ്പർശത വളർന്നു വന്നു. ഇന്ത്യയിലെ ഒരു പൂർവ്വകാല അനീതിയായ തീണ്ടലും തൊടീലും കാർഷിക മേഖലയിലേക്കു തിരിച്ചു വന്നു. കൃഷിക്കാരനെ അധമനായും കർഷക കുടുംബങ്ങളെ വിലകുറഞ്ഞതായും കൃഷിയെ ഒരു വിലകെട്ട വൃത്തിയായും പരിഗണിക്കുന്ന സംസ്കാരം വന്നു. പുതിയ വേഷഭൂഷാധികളോടെ പഴയ ഉച്ചനീചത്വം കൃഷിക്കാരും തൊഴിലാളികളും ഉദ്യോഗസ്ഥരും  പ്രവാസികളും തമ്മിൽ ഉടലെടുത്തു. എല്ലായിടത്തും ഒരു വീണ്ടുവിചാരം ലോക്ക്ഡൗൺ നമ്മോട് ആവശ്യപ്പെടുന്നുണ്ട്.
    നല്ല കർഷകരും നാമമാത്ര കർഷകരുമുണ്ട്. മണ്ണിൻ്റെയും കൃഷിയുടെയും കാര്യത്തിൽ തികഞ്ഞ ധാർമ്മികത പുലർത്തേണ്ടതുണ്ട്. മണ്ണിൻ്റെ  ഘടനയെത്തന്നെ മാറ്റിമറിക്കുന്ന തരത്തിലുള്ള വളപ്രയോഗവും വിഷലിപ്തമായ ഭഷ്യോത്പാദനവും ഈ മേഖലയിൽ തത്ത്വദീക്ഷയില്ലാത്ത കച്ചവടശൈലികളും എല്ലാം കടന്നു കൂടിയിട്ടുണ്ട്. മണ്ണിൻ്റെ  ശുദ്ധി കാത്തുസൂക്ഷിക്കാൻ നമുക്കാവണം. മായവും വിഷവും ഹൃദയത്തിൽ ഉള്ളപ്പോഴാണ് അതു പുറത്തും പ്രയോഗിക്കുന്നത്. നല്ല കർഷകർ സാമ്പത്തിക ലാഭം മാത്രമല്ല നോക്കുന്നത്, എല്ലാവരുടെയും നന്മയാണ്.
കേരളത്തിൻ്റെ  പേരിനുതന്നെ കാരണമായ തെങ്ങിൻതോട്ടങ്ങൾ അപ്രത്യക്ഷമായി. നയനമനോഹരമായ നെൽപ്പാടങ്ങൾ നമ്മുടെ നാട്ടിൽ രക്തധമനികൾപ്പോലെയുണ്ടായിരുന്നു. പുഴകളും തോടുകളും മൂലം ജലസമൃദ്ധമായ നാട്ടിൽ വരൾച്ച കൂടി വരുന്നു. വീടിനു പരിസരത്തുള്ള ജാതിത്തോട്ടങ്ങൾ ഐശ്വര്യത്തിൻ്റെ  പ്രതീകമായിരുന്നു. കമുകിൻതോട്ടം, വിവിധയിനം പഴത്തോട്ടങ്ങൾ എന്നിവ കണ്ണിനു നിറകാഴ്ചകളായിരുന്നു. കൃഷി ചെയ്യുക എന്നത്  ഉത്സാഹവും വിളവെടുപ്പ് ഉത്സവവുമായി നമുക്കിനിയും മാറ്റണം. 

നാട്ടറിവുകളിലൂടെ കൃഷിയിടങ്ങളിലേക്ക്

ഓരോ പ്രദേശത്തിനും സീസൺ അനുസരിച്ചുള്ള കൃഷിരീതികൾ നമ്മുടെ മാതാപിതാക്കൾക്കു ഹൃദിസ്ഥമായിരുന്നു. ഈ മേഖലകളിലൊക്കെ നമുക്കിനിയും പലതും തിരിച്ചു പിടിക്കാനുണ്ട്. നാട്ടറിവുകളും വാമൊഴികളും ആരോഗ്യശീലങ്ങളും ഒക്കെ അറിയാവുന്ന മുതിർന്ന തലമുറകളിൽനിന്ന് ഇളംതലമുറകൾക്ക് അവ നഷ്ടമാകാതെ പകർന്നുകൊടുക്കണം. മരങ്ങളും മലനിരകളും വയലുകളും നീർച്ചാലുകളും ഇല്ലാതാക്കി സ്വയം നശിക്കുന്ന ഒരു രീതിയിലേക്ക് നമ്മുടെ നാട് എത്തിക്കഴിഞ്ഞു. വരുംതലമുറകൾക്ക് ഇവിടെ ജീവിക്കാൻ അനുയോജ്യമായ സാഹചര്യങ്ങൾ നമുക്കിനിയും ഏറെ പണിപ്പെട്ടു രൂപീകരിക്കേണ്ടതുണ്ട്. ശുദ്ധവെളിച്ചെണ്ണ സ്വന്തമായി ഉത്പാദിപ്പിക്കുന്ന തരത്തിൽ തെങ്ങുകൾ സമൃദ്ധമായിരുന്ന നമ്മുടെ നാട്ടിൽ ഭൂരിഭാഗം കുടുംബങ്ങളിലും ഇപ്പോൾ തേങ്ങ വിലയ്ക്കു വാങ്ങുകയാണ്. നെല്ലുകുത്തി അരി ഉല്പാദിപ്പിച്ചിരുന്ന വീടുകൾ ഉണ്ടായിരുന്ന നമ്മുടെ നാട്ടിൽ ഭൂരിഭാഗം ആളുകളും ഇന്ന് അരി വാങ്ങുകയാണ്. പച്ചക്കറികൾ, ഇലക്കറികൾ പറമ്പിൽനിന്ന് അതാതു കാലങ്ങൾ ലഭിക്കുന്ന വിഭവങ്ങൾ നിത്യേന ഉപയോഗിച്ചിരുന്ന വീടുകളിൽ ഇന്ന് എല്ലാ ദിവസവും പാചകം പുറമേനിന്നു വാങ്ങുന്ന വിഭവങ്ങൾക്കൊണ്ടാണെന്ന സ്ഥിതി വന്നിട്ടുണ്ട്. പാൽ, മാംസം എന്നിവയൊക്കെ പണ്ട് വീടുകളിൽനിന്നുതന്നെ കണ്ടെത്താൻ പറ്റിയിരുന്നെങ്കിൽ ഇന്ന് ഇവ പുറത്തുനിന്നു വാങ്ങുകയാണ് കൂടുതൽ കുടുംബങ്ങളും ചെയ്യുന്നത്. ഉപ്പ്, പഞ്ചസാര തുടങ്ങിയ വിരളമായ സാധനങ്ങൾ മാത്രം പുറമേനിന്നു വാങ്ങുന്ന ധാരാളം കുടുംബങ്ങൾ ഉണ്ടായിരുന്ന നാട്ടിൽ ഇന്ന് അത്തരം കുടുംബങ്ങൾ വിരലിലെണ്ണാവുന്നവയേ കാണൂ. അതേസമയം നിരവധി കുടുംബങ്ങളിൽ പലവക കൃഷിയും മറ്റും ധാരാളമായി തുടങ്ങിയിട്ടുണ്ടെന്നതും പ്രത്യാശപകരുന്ന കാര്യമാണ്.

കുട്ടികൾ കൃഷിയിടങ്ങളിലേക്ക്

വീടിനകത്തു മാത്രമിരിക്കാതെ പുരയിടത്തിലെയും പറമ്പിലെയും സസ്യലതാദികളെ പരിചരിച്ചും പ്രകൃതിയോട് സംവദിച്ചും കുട്ടികളെ വളർത്തണം. ജീവൻ്റെ  മൂല്യം കൃഷിയിലൂടെ മനസ്സിലാക്കാൻ സാധിക്കും. യന്ത്രങ്ങളോടും മറ്റു വസ്തുക്കളോടുമെന്നതിനേക്കാൾ ജീവനുള്ള മനുഷ്യരോടും ജന്തുജാലങ്ങളോടും സസ്യലതാദികളോടും നമ്മൾ പരിചയം സ്ഥാപിക്കണം. ഏതു സമയവും മൊബൈൽ, കമ്പ്യൂട്ടർ, ലാപ്ടോപ്, ടി.വി. എന്നിവയുപയോഗിച്ചുകൊണ്ടിരുന്നാൽ ഭക്ഷണമേശയിൽ ആഹാരമെത്തില്ല. ഒട്ടേറെ വ്യക്തികളുടെ ത്യാഗമാണ് നമ്മുടെ ജീവിതം. ഇൻ്റെർനെറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത് നമ്മുക്കു ഭക്ഷണപദാർത്ഥങ്ങൾ കിട്ടില്ല. കുറേക്കൂടി യാഥാർത്ഥ്യബോധത്തിലേക്ക് നമ്മുടെ പുതിയ തലമുറയെ നാം നയിക്കേണ്ടതുണ്ട്. ആൺകുട്ടികളെ കൃഷിയും പെൺകുട്ടികളെ പാചകവും പരിശീലിപ്പിക്കേണ്ടത് ഏറെ ഗൗരവമായി ഇനിയും നാം ഏറ്റെടുക്കണം. വിദേശത്തുപോയാൽ മാത്രമേ രക്ഷയുള്ളൂ, ഗവൺമെൻ്റെ ജോലി കിട്ടിയാൽ മാത്രമേ രക്ഷപെടൂ എന്നിങ്ങനെ സമ്പത്തിലധിഷ്ഠിതമായ ഒരു കാഴ്ചപ്പാട് മലയാളികളുടെ മനസ്സിലുണ്ടായി. ഏതു തൊഴിൽ ചെയ്താലും കൃഷിയും കൂടെ കൊണ്ടുനടക്കാൻ പറ്റണം. വിദേശത്തുള്ള ജോലിയോ ഗവൺമെൻ്റെ  ജോലിയോ വ്യാപാരമോ ഇതരമേഖലകളിലോ ഒക്കെയുള്ള വരുമാനമാർഗ്ഗങ്ങൾ ലഭ്യമായപ്പോൾ പലരും കൃഷി ഉപേക്ഷിച്ചു. ഇതുവഴി ഒട്ടേറെപ്പേർക്ക് തൊഴിലവസരങ്ങൾ നഷ്ടമായി. 
നാണ്യവിള കൃഷിയെന്ന രീതിയിൽ റബ്ബറിനെ ഏറെ ശ്രദ്ധിച്ച നമ്മുക്ക് ഈ മേഖലയിലുണ്ടായ ഉയർച്ചതാഴ്ചകൾ ഗുണവും ദോഷവും ചെയ്തു. ഈ  പ്രതിസന്ധിഘട്ടങ്ങളിലാണ് ഇൻഫാം, കർഷകദള കൂട്ടായ്മ എന്നിവ ആരംഭിച്ചത്. എല്ലാ ഇടവകകളിലും രൂപീകൃതമായ കർഷകദളങ്ങൾ അവ കൂട്ടിച്ചേർത്തുണ്ടായ ഫാർമേഴ്സ് ക്ലബ്ബുകൾ എന്നിവയിലൂടെ സർക്കാർ, അർദ്ധസർക്കാർ, ത്രിതലപഞ്ചായത്ത്, നബാഡ് തുടങ്ങിയ ഏജൻസിയുടെ സഹായത്തോടെ ക്രിയാത്മകമായ മുന്നേറ്റം കുറിച്ചു. ഇൻഫാമിലൂടെ ഒരു കർഷകസംസ്കാരം നമ്മൾ വളർത്തിയെടുത്തു. നിരവധി കാര്യങ്ങൾ ഗവൺമെൻറ്റിൻ്റെയും പൊതുജനത്തിൻ്റെയും ശ്രദ്ധയിൽ കൊണ്ടുവരാൻ വിവിധ തലങ്ങളിൽ സാധിച്ചു.

എല്ലാവരും കൃഷിക്കാരാവണം

നാമെല്ലാവരും കർഷകരും കർഷകരുടെ മക്കളുമാണ്. കൃഷിയെ മറന്നുള്ള ഏതു വികസനവും ആപത്താണ്. മുതിർന്നവരും യുവാക്കളും കുട്ടികളും കൃഷിയുടെ നന്മകൾ സ്വന്തമാക്കണം. ഒരുതുണ്ടു ഭൂമി പോലും കൃഷി ചെയ്യപ്പെടാത്തതായി വിട്ടുകളയരുത്. ഒരൊറ്റ വ്യക്തിപോലും അല്പസമയമെങ്കിലും കൃഷി ചെയ്യാത്തതായി ഒരു ദിവസംപോലുമുണ്ടാകരുത്. എല്ലാ യുവജനങ്ങളും കർഷരാണ്. മറക്കരുത്. രണ്ടേക്കറിൽ കൂടുതലുള്ളവർ വിവിധയിനം കൃഷികൾ ചെയ്യാൻ ശ്രദ്ധിക്കണം. ഒരു ഭക്ഷ്യസ്വയംപര്യാപ്തത നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. നമ്മുടെ സംസ്ഥാനം ഇന്നു നേരിടുന്ന ഏറ്റവും വലിയ ഒരു പ്രതിസന്ധി ഭക്ഷ്യമേഖലയോട് ബന്ധപ്പെട്ടാണ്. തന്മൂലം സർക്കാർ കൃഷികാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കാണിച്ചു തുടങ്ങി. കേന്ദ്രസംസ്ഥാന സർക്കാരുകളും സമൂഹത്തിലെ എല്ലാ തുറകളിലുള്ളവരും ഇതു ഗൗരവമായി എടുക്കാൻ ശ്രമിക്കുന്നത് ഏറെ സന്തോഷവും നൽകുന്നുണ്ട്. പുരാതനകാലംമുതൽ ശീലിച്ചുപോന്നിരുന്ന ഭക്ഷ്യവിള കൃഷിയും ആധുനിക കാലത്തു സ്വന്തമാക്കിയ നാണ്യവിള കൃഷിയും നമ്മെ ഏറെ സ്വാധീനിച്ചവയാണ്. അടുക്കളയിൽ പാചകത്തിനുള്ള പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ അടുക്കളത്തോട്ടങ്ങൾ നിർമ്മിക്കണം. പാത്രം കഴുകുന്ന വെള്ളംപോലും പാഴാക്കാതെ ഭക്ഷ്യാവശിഷ്ടങ്ങൾക്കൊണ്ട് കൃഷി ചെയ്യാൻ സ്ത്രീകൾ നേതൃത്വം നൽകണം. ഫലവൃക്ഷങ്ങളും ബഹുവിളകളും മറ്റും കൃഷി ചെയ്യാൻ പുരുഷന്മാർ മുൻകൈ എടുക്കണം. കുഞ്ഞുങ്ങളെ കൃഷിയിൽനിന്നകറ്റി നിർത്താതെ ചേർത്തുനിർത്താം. പച്ചക്കറിവിത്തുകളും തൈകളും മറ്റും നടാനും കളപറിക്കാനും വെള്ളമൊഴിക്കാനുമൊക്കെ കുഞ്ഞുങ്ങളെ ഏല്പിക്കണം. കുട്ടികളുടെ സ്വഭാവരൂപവത്കരണത്തിലും കൃഷിക്കു വലിയ പങ്കുണ്ട്. വീട്ടിൽ കൃഷിപരിശീലിക്കാത്ത ധാരാളം യുവാക്കൾ മൊബൈലിലും മോശം കൂട്ടുകെട്ടിലും ലഹരിവസ്തുക്കളുടെയും മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളുടെയും പിടിയിലമരുന്നുണ്ട്. 

പച്ചക്കറികളും കിഴങ്ങുവർഗ്ഗങ്ങളും

പച്ചക്കറികൾ നല്ല സൂര്യപ്രകാശം ലഭിക്കത്തക്ക വിധത്തിൽ മരങ്ങൾക്കിടയിലല്ലാതെ അടുക്കളവശത്തോ മറ്റിടങ്ങളിലോ ക്രമീകരിക്കാൻ ശ്രദ്ധിക്കണം. പടർന്നു കയറുന്നവയ്ക്ക് പന്തൽ നിർമ്മിക്കണം. ചിലയിനം പച്ചക്കറിച്ചെടികൾ ഉയരം കൂടിയതാണ്. അവയ്ക്കു താങ്ങുകൊടുക്കണം. വിവിധയിനം പയർ, വഴുതിന, തക്കാളി, മുളകുകൾ, പാവൽ, പടവലം, വെള്ളരി, കുമ്പളം, മത്തൻ, ചൂരയ്ക്ക, വെണ്ട, കാബേജ്, കോളിഫ്ളവർ, കറിവേപ്പില എന്നിവയൊക്കെ നമ്മുടെ നാട്ടിൽ നന്നായിട്ട് കൃഷി ചെയ്യാവുന്നവയാണ്. എന്നിട്ടും നമ്മൾ അവയ്ക്കായി വിപണികളെ ആശ്രയിക്കുകയാണ്. എല്ലാവിധ പച്ചക്കറികളും നമ്മുടെ വീടിൻ പരിസരത്ത് ഉണ്ടാവണം.
കിഴങ്ങുവർഗ്ഗങ്ങളായ കപ്പ, ചേന, കാച്ചിൽ, മരച്ചീനി, മധുരക്കിഴങ്ങ് തുടങ്ങിയവയൊക്കെ നമുക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണം. മുഖ്യവിഭവങ്ങളോ നാലുമണിക്കാപ്പി വിഭവങ്ങളോ ഒക്കെയാക്കി അവയെ ഇനിയും നമ്മുടെ ഭക്ഷണമേശമേൽ എത്തിക്കണം. ഇഞ്ചി, കൂവ, മഞ്ഞൾ എന്നിവയുടെ കാര്യത്തിൽ സ്വയം പര്യാപ്തതയുള്ള കുടുംബങ്ങൾ ആയിരുന്നു നമ്മുടേത്. വിത്തുകൾ മുളപ്പിച്ച് തണ്ടുകൾ ഒടിച്ച് മുറിച്ചു നട്ട് വേരുകിളിർത്ത് അടുത്ത തലമുറകളെ നാം സൃഷ്ടിക്കുകയാണ്. വിത്തിൻ്റെ ഗുണം, ഇവ മുളപ്പിക്കുന്നതെങ്ങനെ, വളരുന്നതെങ്ങനെ, പറിച്ചു നടുന്നതെങ്ങനെ, കീടങ്ങളിൽനിന്നും കേടുപാടുകളിൽനിന്നും പ്രതിരോധിക്കുന്നതെങ്ങനെ, നനയ്ക്കുന്നതെങ്ങനെ, വളമിടുന്നതെങ്ങനെ എപ്പോൾ എന്നിവ ശ്രദ്ധാപൂർവ്വം ചെയ്യേണ്ടതാണ്. ഇവ വഴി നാം ജീവിക്കാൻ പഠിക്കുകയാണ്. 
സങ്കരയിന(ഹൈബ്രിഡ്)ങ്ങളുടെ ഉപയോഗത്തിനൊപ്പംതന്നെ പച്ചക്കറികളായാലും പഴവർഗ്ഗങ്ങളായാലും ജന്തുജാലങ്ങളായാലും നാടൻ ഇനങ്ങൾ നഷ്ടമാകാതെയും നോക്കേണ്ടതുണ്ട്. ലാഭംമാത്രം നോക്കിയല്ലാതെയുള്ള ഒരു കൃഷി ധാർമ്മികതയും ആത്മീയതയും ഇനിയും നാം കൈവരിക്കേണ്ടതുണ്ട്. നമ്മുടെ കർമ്മഭൂമികൾ ധർമ്മഭൂമിയും കൂടെയാണ് എന്നു നാം മറക്കരുത്. മഴ ഒരു ശല്യമാകാതെ മഴ മറ, ഗ്രീൻ നെറ്റ്, ഗ്രോ ബാഗുകൾ, ടെറസ് കൃഷി എന്നിവയിലൂടെ ഏതു സമയത്തും വിളവെടുക്കാവുന്ന കൃഷിരീതി സ്വായത്തമാക്കാം. ജലത്തിലൂടെ വളം ക്രമീകൃതമായി നൽകുന്ന ഹൈട്രോളിക് കൃഷിരീതിയും മറ്റും നാം പരിശീലിക്കേണ്ടതുണ്ട്. മണ്ണിര കമ്പോസ്റ്റും മറ്റു തരത്തിലുള്ള ജൈവവള നിർമ്മാണവും സ്വായത്തമാക്കിയാൽ കൃഷി എളുപ്പമാകും. ചാണകത്തിൽനിന്നു ബയോഗ്യാസ് ഉത്പാദിപ്പിക്കാൻ സാധിച്ചാൽ വീടുകളിൽ ഏറെ സാമ്പത്തിക ലാഭം ഉണ്ടാക്കാം. മഴവെള്ളത്തിൻ്റെ സംഭരണവും നീർക്കുഴികളും വ്യാപകമാക്കാൻ നാം ഇനിയും ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ മണ്ണിൽ വീഴുന്ന വെള്ളത്തെ ഒഴുകിപ്പോകാനനുവദിക്കാതെ മണ്ണിൽത്തന്നെ താഴാനുള്ള രീതിയിൽ ക്രമീകരണങ്ങൾ ചെയ്യണം. നമ്മുടെ പൂർവ്വികർ പറമ്പു മുഴുവൻ കയ്യാലകെട്ടി തട്ടുകളാക്കിയത് എത്രയോ ദീർഘവീക്ഷണത്തോടുകൂടി ആയിരുന്നുവെന്നത് നമ്മിൽ അദ്ഭുതം ജനിപ്പിക്കുന്നുമുണ്ട്. നമ്മുടെ പുരയിടങ്ങൾ ഫലസമൃദ്ധമാകട്ടെ. വാഴ, പേര, ചാമ്പ, പപ്പായ, മാവ്, പ്ലാവ്, പുളി, ആത്ത, സപ്പോട്ട, ഇലുമ്പി, ആനിക്കാവിള, കശുമാവ്, കടപ്ലാവ്, റമ്പൂട്ടാൻ തുടങ്ങിയവയെല്ലാം നമ്മുടെ പറമ്പിൽ ഉറപ്പാക്കണം. മുതിർന്നവരും കുഞ്ഞുങ്ങളും പറമ്പിൽനിന്ന് പഴങ്ങൾ പറിച്ച് കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്ന സംസ്കാരം നമ്മുക്കു വീണ്ടെടുക്കണം. തണലും തടിയുമായി പ്ലാവ്, മാവ്, ആഞ്ഞിലി, പുളി എന്നിവ ഉപയോഗിക്കാനാവും. ‘ചക്ക ചതിക്കില്ല’ എന്നു പറയാറുണ്ട്. ചക്കയും മാങ്ങയുമൊക്കെ നമ്മുടെ നിത്യവിഭവങ്ങളാകണം. കൂടാതെ തടിവ്യവസായവും ഏറെ പ്രാധാന്യമേറിയതാണല്ലോ. ഒരേക്കർ തേക്കിൻതോട്ടം ഇരുപത്തേഞ്ചേക്കർ റബറിനു തുല്യമാണെന്നു പറയാറുണ്ട്.

മീൻ കുളങ്ങളും കോഴി വളർത്തലും

മീൻകുളങ്ങൾ ചെറിയ തോതിലെങ്കിലും നമ്മുടെ വീടുകളിൽ തുടങ്ങിയാൽ വിഷമില്ലാത്തതും പഴകാത്തതുമായ മീൻ ലഭ്യമാക്കാൻ കഴിയും. ഇതു സാധ്യമാണെന്നതിന് ധാരാളം ഉദാഹരണങ്ങൾ നാട്ടിൽ തന്നെ ഇപ്പോഴുണ്ട്. കോഴി, കാട, ആട്, മുയൽ, പശു, പോത്ത്, തുടങ്ങിയവയൊക്കെ സാധിക്കുന്നതുപോലെ വളർത്താൻ പരിശ്രമിക്കണം. കൃഷിയോടു ചേർന്നു പോകുന്നതാണ് ഇവയെല്ലാം. ഇവയും കൃഷി തന്നെയാണ്. ജലക്ഷാമമില്ലാത്തിടത്ത് താറാവ് കൃഷി നടത്താം. കൾഗം, പാത്ത, ഗിനിക്കോഴി എന്നിവയും ഉപകാരപ്രദമാണ്. പന്നി വളർത്തലുകൾ പ്രോത്സാഹിപ്പിക്കാവുന്നതാണ്. പാൽ, മുട്ട, മത്സ്യം, മാംസം എന്നിവയുടെ കാര്യത്തിൽ ഇപ്രകാരം സ്വയം പര്യാപ്തത കുടുംബത്തിൽ കൈവരിക്കാൻ സാധിച്ചാൽ വലിയ നേട്ടമാണ്. ആരോഗ്യനിലവാരവും സാമ്പത്തികനിലവാരവും ഉയർത്താൻ കഴിയും. മോരും തൈരും പുളിശ്ശേരിയുമൊക്കെ നമ്മുടെ സാധാരണവിഭവങ്ങളായിരുന്നുവല്ലോ. പശുവിൻ്റെ  ചാണകവും മറ്റു മൃഗങ്ങളുടെയും ജീവികളുടെയുമൊക്കെ ഉച്ഛിഷ്ടവും നല്ല വളമായി ഉപയോഗിച്ച് ജൈവകൃഷിയും പ്രോത്സാഹിപ്പിക്കാം. മത്സ്യങ്ങളുടെ വേസ്റ്റുകൾ ഉപയോഗിച്ചുള്ള അക്വാപോണിക് കൃഷിരീതി നല്ല രീതിയിൽ പലയിടത്തും ആരംഭിച്ചു കഴിഞ്ഞു. 
പൂന്തോട്ടങ്ങൾ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മേൽനോട്ടത്തിൽ വീടുകളിലുണ്ടാക്കണം. ഇവയോടു ചേർന്നു പോകുന്നതാണല്ലോ ആയുർവേദചെടികളുടെ സംരക്ഷണവും. സുഗന്ധവ്യഞ്ജനവിളകളായ ഏലം, കാപ്പി, കുരുമുളക്, ഗ്രാമ്പു തുടങ്ങിയവയുടെ കൃഷിയും നാം പ്രോത്സാഹിപ്പിക്കേണ്ടതാണ്. മലയോരങ്ങളിൽ സാധ്യമായ ഇടത്ത് തേയിലത്തോട്ടങ്ങൾ പിടിപ്പിക്കുന്നത് നല്ലതാണ്. ജാതി, കൊക്കോ, കമുക് എന്നിവയൊക്കെ നാം പ്രധാനകൃഷിയിൽത്തന്നെ പെടുത്തേണ്ടതാണ്. കൈത മിക്കസ്ഥലങ്ങളിലും നന്നായിട്ടു കൃഷി ചെയ്യപ്പെടുന്നുണ്ട്. 

ആയുർവേദ തോട്ടങ്ങൾ

ആയുർവേദ തോട്ടങ്ങൾ നമ്മുടെ കൃഷിയിട സൗന്ദര്യവത്കരണത്തിൻ്റെ  ഭാഗമാകണം. തുളസിച്ചെടികൾ, ചെമ്പരത്തി എന്നിവയെല്ലാം വീട്ടുമുറ്റത്തുമുണ്ടാകട്ടെ. ചുമക്കൂർക്ക, പനിക്കൂർക്ക, ആടലോടകം, തഴുതാമ തുടങ്ങിയ ഔഷധച്ചെടികൾ നമ്മുടെ സാധാരണജീവിതത്തിൻ്റെ  ഭാഗമാകണം. പേര, തഴുതാമയില, ജീരകം, ചുക്ക് തുടങ്ങിയവയൊക്കെയിട്ട് വെള്ളം കുടിച്ചാൽ പ്രതിരോധശേഷി വർദ്ധിക്കുമെന്ന് കാലം തെളിയിച്ചതാണല്ലോ. പഴങ്ങളും ഇലക്കറികളും പച്ചക്കറികളുമൊക്കെ കുഞ്ഞുനാൾ മുതൽ കഴിച്ചു ശീലിച്ചില്ലെങ്കിൽ പുതിയ തലമുറയ്ക്ക് വിവിധ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി നാം കേൾക്കാറുണ്ടല്ലോ. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് മുതലായവ സ്ഥിരം കഴിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതും സാധാരണമായി കഴിഞ്ഞല്ലോ. 
രോഗം വരാതെ നോക്കുകയെന്നതാണ് രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാൾ പ്രധാനം. രോഗം വന്നാൽ ചികിത്സിക്കണമെന്നത് ശരിയായിരിക്കുമ്പോഴും മേല്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ച് നമ്മുടെ സാധാരണജീവിതത്തിൻ്റെ  ഭാഗമായി കൃഷിയും കാർഷികവിഭവങ്ങളും മാറുമ്പോൾ ആരോഗ്യം മെച്ചപ്പെടുന്നതായി തോന്നും. അദ്ധ്വാനം ആരോഗ്യം പ്രധാനം ചെയ്യുമ്പോൾ അലസത രോഗത്തെ ക്ഷണിച്ചു വരുത്തുന്നു. 

കൃഷിയിടങ്ങളും പക്ഷികളും

നമ്മുടെ വീടിനു ചുറ്റും കൃഷിയിടങ്ങളിൽ പക്ഷികളുടെ ആവാസവ്യവസ്ഥയായി മാറട്ടെ. പ്രകൃതിയെ ചൂഷണം ചെയ്യാത്ത ഒരു കൃഷി രീതി ഇനിയും നാം വളർത്തേണ്ടതായിട്ടുണ്ട്. കുയിലും തത്തയും പൊന്മാനും പ്രാവുകളും ഇരട്ടവാലൻ പക്ഷികളും അണ്ണാനും സമൃദ്ധമായി നമ്മുടെ വീട്ടുമുറ്റത്തെ വൃക്ഷങ്ങളിൽ ചേക്കേറട്ടെ. നീറിനെയും ഉറുമ്പുകളെയും ഗുണപ്രദമായി ഉപയോഗിക്കുന്ന കർഷകർ ധാരാളമുണ്ട്. തേനീച്ച വളർത്തൽ  ഏറെ ലാഭകരമായ ഒന്നാണ്. എല്ലാ കുടുംബങ്ങളിലുംതന്നെ ചെറുതേൻ, വൻതേൻ വളർത്തൽ ചെയ്യാവുന്നതാണ്. 
ലോക്ഡൗണിനുശേഷം ഫലപ്രദവും ഗുണപ്രദവുമായ നല്ല ഒത്തുചേരലുകൾ നടക്കട്ടെ. അതിൽ പ്രാമുഖ്യമുള്ളത് കർഷകസംഘക്കൂട്ടായ്മകൾ ആകട്ടെ. വ്യക്തിപരമായി കുടുംബങ്ങളിൽ കൃഷി ചെയ്യുന്നതിനോടൊപ്പം കർഷക ക്ലസ്റ്ററുകൾ അല്ലെങ്കിൽ സംഘങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഏതൊരു കർഷകനും സംഘം ചേർന്നാൽ കൂടുതൽ ഉപകാരങ്ങൾ ഗവൺമെൻ്റെതലത്തിലും ലഭിക്കും. സ്വാശ്രയസംഘങ്ങൾ പണ്ടുകാലത്തെ തനിമയുള്ള കൂട്ടായ്മകൾ വീണ്ടെടുക്കാൻ ഉപയുക്തമാണ്. കൂടുതൽ സാമൂഹികപ്രതിബദ്ധതയോടെയും കുടുംബങ്ങളിൽ സാമ്പത്തികസ്ഥിരത ഉറപ്പുവരുത്താനും നല്ല സംഘങ്ങൾക്കു കഴിയുന്നുണ്ട്. എല്ലാ ഇടവകകളിലും ഇനിയും ഇത്തരം കാര്യങ്ങളിൽ നാം മുന്നേറേണ്ടതുണ്ട്. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പണികളിലും മറ്റും സഹായിച്ചും കാർഷികവിഭവങ്ങൾ പരസ്പരം പങ്കുവച്ചും കൂട്ടായ്മയുടെ ശരിയായ മാനങ്ങൾ നമുക്കു വീണ്ടെടുക്കാം. തമ്മിൽ കാണാനും വർത്തമാനം പറയാനും വിഷമതകൾ മനസ്സിലാക്കാനുമുള്ള വേദിയായി കൂട്ടുകൃഷിസമ്പ്രദായങ്ങളും സംഘം ചേർന്നുള്ള കൃഷിയും സഹായിക്കും. നഷ്ടത്തിൻ്റെയും നിരാശയുടെയും കണക്കുകൾ കർഷകനുള്ളപ്പോഴും അതിലേറെയും സ്വന്തം ഇച്ഛാശക്തികൊണ്ട് സ്വന്തമാക്കിയ പൂർവ്വികർ നമ്മുക്കു മാതൃകയാണ്. ഇപ്പോൾ മലബാറിലും ഹൈറേഞ്ചിലും നാട്ടിലുമുള്ള പ്രായമായവർക്കൊക്കെയും ഇത്തരം ധാരാളം വിജയകഥകളുണ്ട്. അപ്രതീക്ഷിതമായ പ്രളയം, ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, കീടരോഗബാധകൾ, മഴയടപ്പ്, കഠിനവേനൽ ഇവ കൂടാതെ ഇവയെക്കാളൊക്കെ അധികം വേദനാജനകമായ കാര്യം മനുഷ്യനിർമ്മിതമായ വിലത്തകർച്ചയാണ്. വാങ്ങുന്ന സാധനങ്ങൾക്ക് അന്യായവിലയും ഉത്പാദിപ്പിക്കുന്ന കർഷകന് വില ലഭിക്കാത്തതുമായ സാഹചര്യം ഗവൺമെൻ്റെകൾ മനസ്സിലാക്കി താങ്ങുവില പ്രഖ്യാപിച്ച് ക്രമീകരണങ്ങൾ നടത്തേണ്ടതായിട്ടുണ്ട്. കൃഷിയെ പ്രോത്സാഹിപ്പിക്കാനായി നൽകുന്ന വാഗ്ദാനങ്ങൾ പൊള്ളവാക്കുകളാകാതെ പാലിക്കപ്പെടേണ്ടതായിട്ടുണ്ട്. കർഷകപെൻഷൻ, സൗജന്യ ഇൻഷുറൻസുകൾ, കൃഷി സബ്സിഡികൾ എന്നിവയൊക്കെ ഇനിയും നടപ്പാക്കേണ്ടിയിരിക്കുന്നു. കർഷകർക്കായി പ്രഖ്യാപിക്കുന്ന സഹായങ്ങൾ കർഷകരിൽത്തന്നെയെത്തുന്നുണ്ട് എന്ന കാര്യം ഉറപ്പാക്കേണ്ടതുണ്ട്. മാറിമാറി സർക്കാരുകൾ ഭരിച്ചിട്ടും കർഷകന് എന്നും ദുരവസ്ഥയാണെന്ന കാര്യം അനിഷേധ്യമാണ്. സമഗ്രമായ പദ്ധതികൾ ഉണ്ടാവാത്തതാവാം മുഖ്യകാരണം. 

മൂല്യവർദ്ധിത ഉല്പന്നങ്ങൾ

പുറമേ നിന്ന് ഇങ്ങോട്ട് ഭക്ഷ്യവിഭവങ്ങൾ വരാതെ നമ്മുക്കാവശ്യമുള്ളതു കഴിഞ്ഞ് കയറ്റുമതി ചെയ്യാൻ പരിശ്രമിക്കണം. പഴങ്ങളുടെ സംഭരണകേന്ദ്രങ്ങളും പച്ചക്കറി സംഭരണകേന്ദ്രങ്ങളും നമ്മുടെ ലക്ഷ്യങ്ങളാണ്. എല്ലാ പള്ളികളോടുംചേർന്ന് വിപണനസാധ്യതകൾ തുടങ്ങി അവയുടെ ഒരു ശൃംഖല നമുക്കു രൂപീകരിക്കാൻ സാധിക്കും. കർഷകരുടെ അദ്ധ്വാനത്തിന് ഉചിതമായ പ്രതിഫലം അവർക്കു ലഭിക്കുവാൻ നമ്മൾ ഒന്നിച്ചു നിന്നു പ്രവർത്തിച്ചാലേ സാധിക്കൂ. 
മറ്റൊരു പ്രധാനസംഗതി മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കി മാറ്റി കയറ്റുമതി വിപണനസാധ്യതകൾ പ്രോത്സാഹിപ്പിക്കുക എന്നതാണ്. ഇതു വളർത്തിയെടുത്താൽ സാമ്പത്തികനേട്ടം ഉറപ്പാണ്. പല സ്ഥലങ്ങളിലും വളരെ ഭംഗിയായി ഈ പ്രസ്ഥാനം മുന്നോട്ടു പോകുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും വലിയ ഓപ്പണിംഗ് ഇതിനുണ്ടാവും.Value added products നമ്മുടെ ഒരു പ്രധാന ലക്ഷ്യമായി എടുക്കണം. വിരലുകൾ അന്യർക്കു നേരെ ചൂണ്ടി സ്വയം വിഡ്ഢിയാകാതെ നമ്മുക്കൊത്തൊരുമിച്ചു ചിന്തിക്കാം; മുന്നേറാം. കാർഷിക സർവ്വകലാശാലകൾ കുറേക്കൂടി സാധാരണ കർഷകരോട് ബന്ധപ്പെട്ട പ്രോഗ്രാമുകൾ കണ്ടെത്തുന്നതു നല്ലതാണ്.