ഭരണഘടനയുടെ അന്തഃസത്ത സംരക്ഷിക്കപ്പെടണം

1949 നവംബർ മാസം 29 തീയതി ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയാണ് ഇന്ത്യയിൽ  നിലവിൽ വന്നത്. ജനാധിപത്യം, സോഷ്യലിസം, മതേതരത്വം എന്നീ അടിസ്ഥാന പ്രമാണങ്ങളിലധിഷ്ഠിതമായ ഈ ഭരണഘടന പൗരന്മാരുടെ മൗലികാവകാശങ്ങൾ, സാമൂഹികനീതി, വോട്ടവകാശം, വ്യക്തിസ്വാതന്ത്ര്യം, ഫെഡറലിസം എന്നിങ്ങനെയുള്ള സവിശേഷതകളാൽ മഹത്ത്വരവുമാണ്. ഭരണഘടന നിലവിൽവന്ന് എഴുപതു വർഷങ്ങൾ പിന്നിടുമ്പോൾ 103 ഭരണഘടന ഭേദഗതികൾ ഉണ്ടായി. ഈ  ഭേദഗതികൾ പലതും ഭരണഘടനാശില്പികളുടെ മനസ്സല്ല പ്രതിഫലിപ്പിക്കുന്നത്. മതനിരപേക്ഷത നമ്മുടെ ഭരണഘടനയുടെ സവിശേഷവും മഹത്ത്വരവുമായ ഘടകമാണ്. നമ്മുടെ രാജ്യത്തിൻ്റെ തൊപ്പിയിൽ ചാർത്തപ്പെട്ട ഒരു പൊൻതൂവലായിരുന്നു മതനിരപേക്ഷതയിൽ നിന്നും ഉയിർകൊണ്ട സഹിഷ്ണത. നമ്മുടെ മഹത്തായ ഈ  പാരമ്പര്യത്തിന് ഇടിവുണ്ടാക്കുന്ന സംഭവവികാസങ്ങൾ വേദനയോടെയാണ്  രാജ്യസ്നേഹികൾ നോക്കിക്കാണുന്നത്. 
ഇപ്പോൾ ഇന്ത്യ മുഴുവനിലും ആശങ്കയും അസമാധാനവും സൃഷ്ടിക്കപ്പെടാനിടയാക്കിയത് ഏറ്റവും അടുത്ത നാളിൽ പാർലമെൻ്റെൻ്റെ  ഇരുസഭകളും പാസാക്കിയ പൗരത്വഭേദഗതി ബില്ലാണ്. ഭരണഘടനയുടെ സവിശേഷഘടകമായ നിയമപരമായ തുല്യത എന്ന ആശയത്തിന് ഈ ബില്ല് വിരുദ്ധമാണെന്ന് വിമർശനമുയരുമ്പോൾ ലോകമെമ്പാടുമുള്ള അനധികൃത കുടിയേറ്റ വിരുദ്ധനയങ്ങളോടു ചേർന്ന് നിന്ന് അയൽരാജ്യങ്ങളിലെ മനുഷ്യാവകാശലംഘനങ്ങളുടെ ഇരകളെ സംരക്ഷിക്കാനും ദേശീയസുരക്ഷ ഉറപ്പാക്കാനുമാണ് ഈ ബില്ലെന്ന് ഗവൺമെൻ്റെ  വിശദമാക്കുന്നു. പക്ഷെ ഇവിടെ മൂന്നു രാജ്യങ്ങളിൽ നിന്നുള്ള ഒരു പ്രത്യേക സമുദായത്തിൽ പെട്ടവരെ പരിഗണിക്കില്ല, അവിടെനിന്നുള്ള മറ്റു മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാം എന്നുള്ള വ്യവസ്ഥ കാരണമാണ് ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരും നിയമത്തിനു മുമ്പാകെ തുല്യരാണെന്നുള്ള ഭരണഘടനയുടെ ആർട്ടിക്കിൾ 14 ൻ്റെ  ലംഘനമായി ഈ ഭേദഗതി വിലയിരുത്തപ്പെടുന്നത്. മതത്തിൻ്റെയും രാജ്യത്തിൻ്റെയും പേരിൽ ജനങ്ങളെ വിഭജിക്കുന്നുവെന്നുള്ള വിമർശനമാണ് ഇവിടെയുള്ളത്. 
മറ്റു രാജ്യങ്ങളിൽ നിന്നുള്ള ആറു മതവിഭാഗക്കാർക്ക് പൗരത്വം നൽകാമെന്നും എന്നാൽ ഒരു വിഭാഗത്തിന് പൗരത്വം നൽകില്ലെന്നുമുള്ളത്  ആശങ്കയും ഭീതിയും ജനിപ്പിക്കാനിടയാക്കിയിരിക്കുന്നു. ആരുടെയും വികാരങ്ങൾ വ്രണപ്പെടുത്താതെയായിരിക്കണം അനധികൃത നുഴുഞ്ഞു കയറ്റക്കാരെ  കൈകാര്യം ചെയ്യേണ്ടതും നിയമത്തിനു മുമ്പിൽ കൊണ്ടുവരേണ്ടതും. അനധികൃത നുഴഞ്ഞുകയറ്റം തടയണമെന്നുള്ളത്  രാജ്യത്തിൻ്റെ സുരക്ഷ ആഗ്രഹിക്കുന്ന എല്ലാവരും ആഗ്രഹിക്കുന്നതാണ്. പക്ഷേ ഈ ബില്ലിൽ ഒരു സമുദായത്തിലെ അംഗങ്ങളെ വേർതിരിക്കുന്നതാണ്  വിമർശനാത്മകമായിരിക്കുന്നത്.  ഇപ്പോൾ പൗരത്വഭേദഗതി ബില്ലുമായി ബന്ധപ്പെട്ടു ഉയർന്നുവന്നിരിക്കുന്ന ആശങ്കകൾ പരിഹരിക്കാനും ഒരു സമുദായാംഗങ്ങൾക്ക് അനുഭവപ്പെടുന്ന “മാറ്റിനിർത്തൽ” പരിഹരിക്കാനും ഗവണ്മെൻ്റെ  ഭാഗത്തുനിന്നും സത്വര നടപടികൾ ആവശ്യമാണ്. അപ്രകാരമുള്ള നടപടികൾ ഉണ്ടായില്ലെങ്കിൽ തീവ്രവാദ ഗ്രൂപ്പുകൾക്ക് വേരോടുവാൻ അനുകുലമായ കളം ഒരുക്കുകയാവും ചെയ്യുക. ഇപ്പോൾ മഹാഭൂരിപക്ഷം ജനങ്ങളും തീവ്രവാദികളുമായി ബന്ധമില്ലാത്തവരാണ്. ജനങ്ങൾക്കിടയിൽ ഭീതി നിലനിന്നാൽ അത്  രാജ്യത്തിൻ്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും വിഘാതം സൃഷ്ടിക്കും, മാത്രമല്ല വേരുറപ്പിക്കാൻ സാഹചര്യം നോക്കിനില്ക്കുന്ന തീവ്രവാദവിഭാഗങ്ങൾക്ക് വീണുകിട്ടുന്ന സുവർണ്ണാവസരം ആകുമത്. രാജ്യത്തിൻ്റെ ഭദ്രതയ്ക്ക് ഭീഷണിയുയർത്തുന്ന വിഘടന, തീവ്രവാദികൾക്കെതിരെ ശക്തമായ നടപടികൾക്കൊപ്പം ജനങ്ങൾ മതത്തിൻ്റെ പേരിൽ ഭിന്നിക്കുവാനിടയാകുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കപ്പെടുകയും വേണം.
രാജ്യത്തെ ഒരുവിഭാഗം ജനങ്ങൾക്ക് പരിഭ്രമം സൃഷ്ടിക്കുന്ന വിധത്തിലുള്ള പ്രചരണങ്ങൾ രാജ്യത്തിൻ്റെ പുരോഗതിയെ പിറകോട്ടടിക്കും. ഇപ്പോൾ തന്നെ കലാപങ്ങളിൽ വലിയ സാമ്പത്തികനഷ്ടം ഉണ്ടായിക്കഴിഞ്ഞു. ഭീതിയുടെ അന്തരീക്ഷം ഒരു സമൂഹത്തിലുണ്ടായാൽ അത്  രാജ്യത്തിനുള്ളിലെ മൂലധനനിക്ഷേപത്തെയും പ്രതികൂലമായി ബാധിക്കും. വിദേശത്തുനിന്നും വ്യവസായികളോ ബൗദ്ധികമായി ഉയർന്ന നിലവാരമുള്ളവരോ അസമാധാനത്തിൻ്റെ അന്തരീക്ഷത്തിലേയ്ക്ക്  ഒരിക്കലും കടന്നുവരുകയില്ല. വെറുപ്പും, വിദ്വേഷവും വളർത്താനിടയാക്കുന്ന ഒരു പ്രവർത്തിയും ഭരണാധിപന്മാരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൂടാ. മാത്രമല്ല അങ്ങനെയുള്ള ഒരു സാഹചര്യത്തിലേയ്ക്ക് വിദേശത്ത് വിദ്യാഭ്യാസം നടത്തുകയും, പരിശീലനത്തിലേർപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്ന ശാസ്ത്രജ്ഞന്മാർ ആരും മടങ്ങിവരില്ലെന്നതും വാസ്തവമാണ്. ഇവിടെ നോബൽസമ്മാന ജേതാവായ വെങ്കിട്ടരാമൻ രാമകൃഷ്ണൻ്റെ  വാക്കുകൾ ശ്രദ്ധേയമാണ് “മുൻവിധികളില്ലാതെ താന്താങ്ങളുടെ കഴിവുകൾ അംഗീകരിക്കപ്പെടുന്ന ഒരന്തരീക്ഷമാണ് വൈജ്ഞാനിക സമൂഹത്തിൻ്റെ  വളർച്ചയ്ക്ക്  ആവശ്യമായത്”.
ജനാധിപത്യ വ്യവസ്ഥിതിയിൽ തെരഞ്ഞെടുപ്പിലൂടെയാണ് വിവിധ രാഷ്ട്രീയ കക്ഷികൾ അധികാരത്തിൽ വരുന്നത്. അവർ രാജ്യത്തിൻ്റെ  ഭരണാധികാരികൾ ആകുന്നതോടുകൂടി കേവലം അവർ പ്രതിനിദാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങളായല്ല പ്രത്യുത രാജ്യത്തെ മുഴുവൻ ജനത്തിൻ്റെയും സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തുവാൻ പ്രതിജ്ഞാബന്ധരാണ്. ഒരു ജനവിഭാഗത്തിനും നിലവിലുള്ള വ്യവസ്ഥിതിയിൽ നിന്നും നീതികിട്ടില്ലെന്ന സാഹചര്യം ഒരിക്കലും സൃഷ്ടിക്കപ്പെടരുത്. ഭരണാധികാരികൾ ഒരു പ്രത്യേക വിഭാഗത്തിൻ്റെ മാത്രം താല്പര്യങ്ങൾ സംരക്ഷിക്കുന്നവരല്ല, പ്രത്യുത രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും ഭരണാധികാരികളാണ്. അപ്രകാരം എല്ലാ വ്യത്യാസങ്ങൾക്കതീതമായി മുഴുവൻ ജനത്തിൻ്റെയും വിശ്വാസം നേടിയെടുക്കുന്നതിൽ ഭരണാധികാരികൾ ശ്രദ്ധിക്കണം. 
പൗരത്വഭേദഗതി നിയമനിർമ്മാണം വഴി 2014 ഡിസംബർ 31 വരെ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന്  ഇന്ത്യയിലേക്ക് വന്ന ആറ്   മതവിഭാഗക്കാരായവരെ ഈ രാജ്യങ്ങളിൽ പീഢനം അനുഭവിച്ചവർ എന്ന  നിലയിൽ അനധികൃത കുടിയേറ്റക്കാരായി പൗരത്വനിയമം കണക്കാക്കുന്നില്ല. അവർക്ക് പൗരത്വം നൽകുകയും ചെയ്യും. ഇതിൽ നിന്ന് ഒരുവിഭാഗത്തെ ഒഴിവാക്കിയിരിക്കുന്നു. അതിനുള്ള കാരണമായി പറയുന്നത് പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ പ്രസ്തുത സമുദായ ഭൂരിപക്ഷ രാജ്യമായതിനാൽ അവിടെ നിന്നുവരുന്ന ആ സമുദായാംഗങ്ങളെ പീഢിത ന്യുനപക്ഷമായി കണക്കാക്കേണ്ടതില്ല എന്നതാണ്. അതുകൊണ്ട്  അഞ്ചുവർഷം ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ പ്രസ്തുത മതാംഗങ്ങൾ അല്ലാത്ത മറ്റു മതസ്ഥരായ അഭയാർത്ഥികൾക്ക് പൗരത്വം നൽകും. ഇപ്രകാരം ഇന്ത്യയിൽ താമസിക്കുന്ന പൗരന്മാരെ മതത്തിൻ്റെ  പേരിൽ വിഭജിച്ചാൽ നാം ആഗ്രഹിക്കാത്ത വിധം മുറിവുകൾക്ക്  കാരണമാകും. അതുകൊണ്ട് ആശങ്കയിലായിരിക്കുന്ന ജനവിഭാഗത്തിൻ്റെ  ഭീതിമാറ്റുവാനും അവരുടെ വിശ്വാസം ആർജ്ജിക്കുവാനും ഗവൺമെൻ്റെൻ്റെ  ഭാഗത്തുനിന്നും അടിയന്തര നടപടികൾ ഉണ്ടാവണം.
ഒരു മതവിഭാഗത്തിൽ പെട്ടവരെ പൂർണ്ണമായും ഒഴിവാക്കിയുള്ള പുതിയ പൗരത്വ നിയമഭേദഗതി അടിസ്ഥാനപരമായി വിവേചനാ സ്വഭാവമുള്ളതാണെന്ന് യു.എൻ. മനുഷ്യാവകാശവിഭാഗം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ നിയമഭേദഗതി ഇൻഡ്യയിലെ സുപ്രധാന ന്യായപീഠം പുനഃപരിശോധിക്കുമെന്ന്  കരുതുന്നുവെന്നും യു.എൻ. മനുഷ്യാവകാശ വക്താവ് ജനീവയിൽ വച്ച് പത്രസമ്മേളനത്തിൽ പ്രത്യാശ പ്രകടിപ്പിക്കുകയുണ്ടായി. യു.എൻ. ഉൾപ്പെടെയുള്ള അന്താരാഷ്ട്ര എജൻസികളും മറ്റ്  അയൽരാജ്യങ്ങളും, അന്താരാഷ്ട്ര സമൂഹവും ഈ നിയമ ഭേദഗതിയുടെ ലക്ഷ്യത്തെ ഗൗരവമായി സംശയിക്കുന്നു. അതുകൊണ്ട്  അന്താരാഷ്ട്ര സമൂഹത്തിൻ്റെ  മുൻപിലും നമ്മുടെ രാജ്യത്തിൻ്റെ  യശസ്സിനു കോട്ടം തട്ടുവാൻ ഇടയായിട്ടുണ്ട്. ഈ അവസ്ഥക്ക് പരിഹാരമുണ്ടാക്കുക ശ്രമകരമെങ്കിലും ഭരണാധികാരികൾ എല്ലാ ജനവിഭാഗത്തിൻ്റെയും വികാരങ്ങളെ മാനിക്കുകയും അവർക്ക്  ആശങ്ക ജനിപ്പിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും വേണം. കലാപകാരികൾക്ക് അവസരം സൃഷ്ടിക്കാനുള്ള സാഹചര്യം ഒഴിവാക്കാൻ ആശങ്കയിലായിരിക്കുന്ന സമൂഹത്തിൻ്റെ  പ്രതിനിധികളുമായി ചർച്ചകൾ നടത്തി ആശയസമുന്വയം ഉണ്ടാക്കണം. അങ്ങനെ രാഷ്ട്രത്തിൻ്റെ  മുന്നോട്ടുള്ള വളർച്ച സുഗമമാക്കണം.
പൗരത്വഭേദഗതി നിയമത്തിൻ്റെ പേരിൽ രാജ്യത്ത്  ഇപ്പോൾ ഉടലെടുത്തിരിക്കുന്ന ആശങ്കയും ഭീതിയുമകറ്റാൻ ഭരണപ്രതിപക്ഷ ഭേദമില്ലാതെ എല്ലാ രാഷ്ട്രീയകക്ഷികളും സമുദായനേതാക്കളും ശ്രമിക്കേണ്ട സമയമാണ്. ഈ ഭേദഗതി അവതരിപ്പിച്ചവർ എന്ന നിലയിൽ കേന്ദ്രസർക്കാർ ഇതിന് മുൻകൈ എടുക്കണം. പ്രതിഷേധത്തെ നിഷേധാത്മകമായി കാണുന്നതും, അതിനെ അക്രമാസക്തമാക്കുന്നതും ഒരു പോലെ അപലനീയമാണ്. രാഷ്ട്രീയ നേട്ടങ്ങൾക്ക്  മതത്തെയും സമുദായങ്ങളെയും ഉപയോഗിക്കുന്നത് ആപൽക്കരമായ പ്രവണതയാണ്. നമ്മുക്ക് നമ്മുടെ രാജ്യത്തിൻ്റെ  ഐക്യവും അഖണ്ഡതയുമായിരിക്കണം ഏറ്റവും പ്രധാനപ്പെട്ടത്. അതുപോലെ എല്ലാ മതസ്തരും സന്തോഷമായും സ്നേഹത്തോടെയും ജീവിക്കുകയും വേണം. അതിന് സഹായിക്കുന്ന വിധത്തിൽ മാത്രമേ ഭരണപ്രതിപക്ഷ കക്ഷികളും സാമുദായിക നേതാക്കന്മാരും പ്രവർത്തിക്കാവൂ. രാജ്യത്തെ ഏതെങ്കിലും ഒരു വിഭാഗം ജനങ്ങൾ ഭീതിയിൽ കഴിയണമെന്ന്  ആരും ആഗ്രഹിക്കുന്നില്ല. ഇന്ത്യയിലെ ഭൂരിപക്ഷസമൂഹം ന്യൂനപക്ഷത്തെ സംരക്ഷിക്കുന്ന മഹത്തായ പൈതൃകമുള്ളവരാണ്. ഈ ശ്രേഷ്ഠമായ സംസ്ക്കാരം നമ്മുക്ക് കാത്തുസൂക്ഷിക്കണം. ഭാരതീയർ ഏത്  മതത്തിലും, ഭാഷയിലും, ജാതിയിലും പെട്ടവരാകട്ടെ അവർ സഹോദരീസഹോദരന്മാരാണ് എന്ന ഐക്യ കാഹളം മുഴങ്ങണം. അങ്ങനെ നമ്മുടെ രാഷ്ട്രത്തെ സമാധാനത്തിൽ വർത്തിച്ചുകൊണ്ട് ഭാവിയെ സുരക്ഷിതമാക്കുവാൻ എല്ലാവർക്കും യത്നിക്കാം.