ലോകത്തോട് വിടപറഞ്ഞ് സത്യതീരമണയുന്ന ബനഡിക്ട്

പത്രോസിന്‍റെ സിംഹാസനത്തെ അറിവുകൊണ്ടും വിനയംകൊണ്ടും വിശുദ്ധികൊണ്ടും അലങ്കരിച്ച വേദപാരംഗതനായിരുന്നു ബനഡിക്റ്റ് 16-ാമന്‍ പാപ്പാ. കത്തോലിക്കാസഭയുടെ ശുശ്രൂഷ ഒരാളെ നയിക്കുന്നത് അധികാരത്തിന്‍റെ ഗര്‍വിലേക്കോ സുഖലോലുപതയുടെ മന്ദിരങ്ങളിലേക്കോ അല്ല, മറിച്ച്, കര്‍ത്താവിന്‍റെ കുരിശിലേക്കാണെന്ന് പാപ്പാ ലോകത്തെ പഠിപ്പിച്ചു. ഈശോയുടെ ഹൃദയം സ്വന്തമാക്കിയ അജപാലകനെയും മുട്ടിന്മേല്‍നിന്നു പ്രാര്‍ത്ഥിക്കുന്ന ദൈവശാസ്ത്രജ്ഞനെയും ബനഡിക്റ്റ് പാപ്പായില്‍ നാം കണ്ടുമുട്ടുന്നു. കാല്‍സിഡോണ്‍ കൗണ്‍സിലില്‍  മഹാനായ ലെയോ മാര്‍പ്പാപ്പായെപ്പറ്റി പറഞ്ഞു: "പത്രോസ് ലെയോയുടെ നാവിലൂടെ സംസാരിച്ചു." നമ്മുടെ കാലഘട്ടത്തില്‍ പത്രോസ് ബനഡിക്റ്റിലൂടെ ലോകത്തോടും നമ്മോടും സംസാരിച്ചു എന്നു പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല.
ബനഡിക്റ്റ് പാപ്പായുടെ വാക്കുകളും കൃതികളും നമ്മുടെ ജീവിതത്തെ സ്പര്‍ശിക്കുകയും ഹൃദയത്തില്‍ തുളച്ചുകയറുകയും ചെയ്തു. ബനഡിക്റ്റ് പിതാവില്‍ ദൈവശാസ്ത്രത്തിന്‍റെ അനന്യമായ സമ്പന്നതയും ആശയങ്ങളുടെ വ്യക്തതയും മനുഷ്യാനുഭവത്തിന്‍റെ ആഴവും നാം കണ്ടുമുട്ടുന്നു. "കാഴ്ചയുള്ള ഹൃദയം," (cor cum visum) സ്വന്തമാക്കിയ പുരോഹിതശ്രേഷ്ഠനായിരുന്നു ബനഡിക്റ്റ്പാപ്പാ. ദൈവശാസ്ത്രജ്ഞനായ വിശുദ്ധ കാര്‍ഡിനല്‍ ന്യൂമാന്‍ ഒരിക്കല്‍ എഴുതി: "ദൈവം പലപ്പോഴും നമ്മെ അപരിചിതമായ വഴിയിലൂടെ നയിക്കുന്നു, അവിടുന്ന് നമ്മുടെ സന്തോഷമാണു ലക്ഷ്യംവയ്ക്കുന്നതെന്നുനമുക്കറിയാം. എന്നാല്‍, എന്താണ് യഥാര്‍ത്ഥ സന്തോഷമെന്ന് നമുക്കറിഞ്ഞുകൂടാ, അതുകൊണ്ടുതന്നെ വഴിയും. നാം അന്ധരായതിനാല്‍ നാം തിരഞ്ഞെടുക്കുന്ന വഴികള്‍ തെറ്റിപ്പോയേക്കാം. തിരഞ്ഞെടുപ്പ് ദൈവത്തിനുവിട്ടുകൊടുക്കുക. ദൈവകരങ്ങളില്‍ പിടിച്ചുകൊണ്ട് അപരിചിതമായ വഴികളിലൂടെ സഞ്ചരിക്കുന്നതാണ് അദ്ഭുതകരമായ യാത്ര അഥവാ വഴി (mirabilis via). നമ്മുടെ ഉറപ്പ് ദൈവം നമ്മെ ശരിയായ ദിശയിലേക്കു നയിക്കുമെന്നതാണ്. നാം ചിന്തിക്കുന്നതല്ല നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ലത്, മറിച്ച്, ദൈവം നമുക്കുവേണ്ടി തിരഞ്ഞെടുത്തതാണ് ഏറ്റവും നല്ലതെന്ന് നാം മറക്കരുത്. വിശുദ്ധനായ കര്‍ദ്ദിനാള്‍ ന്യൂമാന്‍റെ രണ്ടു ചിന്തകള്‍ ബനഡിക്ട് പാപ്പായെ ഏറെ സ്വാധീനിച്ചു. ഒന്ന് ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നു (cor ad cor loquitur); രണ്ട് നിഴലില്‍നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് (ex umbris ad veritatem). ബനഡിക്റ്റ്  പിതാവിന്‍റെ ജീവിതത്തിന്‍റെ സന്ദേശം ദൈവത്തിന്‍റെ അദ്ഭുതകരമായ വഴിയിലൂടെ സഞ്ചരിക്കുവാന്‍ കഴിഞ്ഞു എന്നതാണ്.
ജോസഫ് റാറ്റ്സിംഗര്‍ ജനിച്ചത് 1927 ഏപ്രില്‍ 16, ഒരു ദുഃഖശനിയാഴ്ചയായിരുന്നു. ജനിച്ച് ഏതാനും മണിക്കൂറിനുള്ളില്‍ ഈസ്റ്റര്‍ സായാഹ്നത്തില്‍ കുര്‍ബാനയ്ക്കിടെ മാമ്മോദീസാ സ്വീകരിച്ചു. അന്നുമുതല്‍ ജീവിതത്തിലുടനീളം പ്രാര്‍ത്ഥനയുടെ മനുഷ്യനായിരിക്കുവാന്‍ റാറ്റ്സിംഗറിനു സാധിച്ചു. കൊളോന്‍ അതിരൂപതയുടെ മെത്രാനായിരുന്ന കര്‍ദ്ദിനാള്‍ എൃശിഴ-െന്‍റെ ഉപദേഷ്ടാവായി വന്ന് രണ്ടാം വത്തിക്കാന്‍ സൂനഹദോസ്സില്‍ ുലൃശൗേെ ആയി. 1997-ല്‍ മ്യൂണിക്ക് ഫ്രൈസിങ്ങ് അതിരൂപതയുടെ അധ്യക്ഷനായി. 1982-ല്‍ വിശ്വാസ തിരുസംഘത്തിന്‍റെ പ്രീഫെക്റ്റ്. ശരിയായ പ്രാര്‍ത്ഥനാജീവിതമാണ് ആദ്ധ്യാത്മികതയുടെ അടിസ്ഥാനമെന്ന്  ബനഡിക്റ്റ് പിതാവിന്‍റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. പ്രാര്‍ത്ഥനയില്ലാത്ത സമൂഹത്തിന്‍റെയും വ്യക്തികളുടെയുംജീവിതത്തിന്‍റെ ദിശമാത്രമല്ല, ജീവന്‍റെ ഉറവിടവും നഷ്ടപ്പെടുന്നുവെന്ന് പാപ്പാ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. "ദൈവവുമായി ബന്ധമില്ലാതെയായാല്‍ ഭ്രമണപഥം നഷ്ടപ്പെട്ട ഉപഗ്രഹങ്ങളെപ്പോലെയാകും, ശുന്യതയിലേക്കു നിപതിക്കുകയും അവ സ്വയം നശിക്കുകയും മാത്രമല്ല മറ്റുള്ളവര്‍ക്കുകൂടി ഭീഷണിയായിത്തീരുകയും ചെയ്യുന്നു" എന്ന  ബനഡിക്റ്റ് പിതാവിന്‍റെ വാക്കുകള്‍ ആത്മീയത നഷ്ടപ്പെട്ട സമൂഹത്തിനും വ്യക്തികള്‍ക്കുമുള്ള ഒരു പ്രവാചകന്‍റെ മുന്നറിയിപ്പാണ്.


വിശ്വസ്തനും കരുണയുള്ളവനുമായ പ്രധാന പുരോഹിതന്‍ (ഹെബ്ര. 2:17)
ക്രൈസ്തവന്‍ എന്ന നിലയിലുള്ള എല്ലാ പ്രവൃത്തികളുടെയും ഉറവിടം വിശ്വാസമായിരിക്കണമെന്ന്  ബനഡിക്റ്റ് പാപ്പാ പഠിപ്പിക്കുന്നു. ആധുനികലോകത്തെ ഈശോയുമായി ആഴമുള്ള ബന്ധമുള്ളതാക്കാന്‍  ബനഡിക്റ്റ് പിതാവിന്‍റെ ചിന്തകള്‍ക്കും പ്രസംഗങ്ങള്‍ക്കും ജീവിതസാക്ഷ്യത്തിനും സാധിച്ചിട്ടുണ്ട്.  ബനഡിക്റ്റ് പിതാവിന്‍റെ ശിഷ്യനായിരുന്നു വിയന്നായിലെ കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബോണ്‍ അഭിപ്രായപ്പെട്ടതുപോലെ, "ബനഡിക്റ്റ് പാപ്പായെ ശ്രവിക്കുവാന്‍ കഴിയുക ഒരു വലിയ അവസരമായിരുന്നു. കാരണം, പാപ്പാ എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കുന്നു. അദ്ദേഹത്തിന്‍റെ ക്ലാസ്സുകള്‍ അറിവിനോടൊപ്പം സാക്ഷ്യവും വ്യക്തതയും നല്‍കുന്നു. എളിമയോടുകൂടി സത്യത്തിന്‍റെ മനോഹാരിതയെ പാപ്പാ വ്യക്തമാക്കിത്തരുന്നു". ഈശോയാകുന്ന "അമൂല്യരത്നത്തെ" ആധുനികലോകത്തിനു നല്‍കുവാന്‍ പാപ്പായ്ക്കു കഴിഞ്ഞു. ഈശോയുമായുള്ള കണ്ടുമുട്ടലാണ് വിശ്വാസവളര്‍ച്ചയുടെ അടിസ്ഥാനമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ബനഡിക്റ്റയിന്‍ ആദ്ധ്യാത്മികതയുടെ മര്‍മ്മമായ "എല്ലാറ്റിനും ഉപരിയായി മിശിഹാ" എന്ന ചിന്ത പാപ്പായുടെ പ്രവര്‍ത്തനശൈലിയായിരുന്നു. യുക്തിയുടെ ലോകവും വിശ്വാസത്തിന്‍റെ ലോകവും പരസ്പരം പോരടിക്കേണ്ടതോ, ഭയപ്പെടേണ്ടതോ അല്ല, മറിച്ച,് ആഴമേറിയതും തുടര്‍ച്ചയായതുമായ സംവാദങ്ങളിലൂടെ ഒരു നല്ല സംസ്കാരത്തെ രൂപപ്പെടുത്തേണ്ടതാണ് എന്ന ബനഡിക്റ്റ് പിതാവിന്‍റെ വാക്കുകള്‍ പാപ്പായുടെ ബൗദ്ധിക-ആത്മീയ - ആദ്ധ്യാത്മികതയുടെ തെളിവാണ്.
സഭയുടെ കാരുണ്യത്തിന്‍റെ ശുശ്രൂഷയെ ദൈവവചനശുശ്രൂഷപോലെ പ്രാധാന്യമുള്ളതായിക്കണ്ട അജപാലകനായിരുന്നു ബനഡിക്റ്റ് പാപ്പാ. ദാനധര്‍മ്മം വിശുദ്ധ ഗ്രന്ഥത്തിലെ മനോഹരമായ സ്നേഹത്തിന്‍റെ ആവിഷ്കാരമാണ.് ഇത് വെറും മനുഷ്യസ്നേഹമല്ല (philanthrophy). ഇത് സ്നേഹത്തിന്‍റെ കൃത്യമായ പ്രകടനമാണ്. ദാനധര്‍മ്മത്തെ ഒരു ദൈവികപുണ്യമെന്നാണ് പാപ്പാ വിളിക്കുന്നത്. "നമ്മുടെ ദൈവവുമായുള്ള ബന്ധം-തന്‍റെ പുത്രനായ ഈശോയിലൂടെ കാരുണ്യമുള്ള തന്‍റെ മുഖം ദൈവം നമുക്ക് വെളിപ്പെടുത്തി- ഇത് വിശപ്പും, ദാഹവും അനുഭവിക്കുന്നവരെ സഹായിക്കുവാന്‍ നമ്മെ ബാധ്യസ്ഥരാക്കുന്നുണ്ട്" എന്ന ബനഡിക്റ്റ് പിതാവിന്‍റെ വാക്കുകള്‍ സഭ കാരുണ്യത്തിന്‍റെ കൂദാശയാകേണ്ടത് സ്നേഹത്തിന്‍റെ പ്രവൃത്തികളിലൂടെയാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.


ദൈവവചനത്തിന്‍റെ കാവല്‍ക്കാരന്‍
കര്‍ത്താവിന്‍റെ വാക്കനുസരിച്ച് വലയിറക്കിയ (ലൂക്കാ. 5:5) പത്രോസിനെപ്പോലെ ദൈവവചനത്തിന്‍റെ കാവല്‍ക്കാരനാണ് ബനഡിക്റ്റ് പാപ്പാ. "വചനം കേള്‍ക്കപ്പെടാവുന്നതു മാത്രമല്ല, അതിനു ശബ്ദം മാത്രമല്ല ഉള്ളത്. വചനത്തിന് ഒരു മുഖമുണ്ട്- നമുക്കു കാണാവുന്ന മുഖം: നസ്രത്തിലെ ഈശോ" എന്ന പാപ്പായുടെ വാക്കുകള്‍ ബനഡിക്റ്റ് പിതാവിന്‍റെ വചനബന്ധിതജീവിതത്തിന്‍റെ പ്രകാശനമാണ്. വി. ബനവെഞ്ചര്‍ പറഞ്ഞു: "ദൈവത്തെ പ്രഘോഷിക്കുന്നതുകൊണ്ട് ഓരോ സൃഷ്ടിയും ദൈവത്തിന്‍റെ വചനമാണ്." വിശുദ്ധ ലിഖിതമാണ് ദൈവശാസ്ത്രത്തിന്‍റെ ആത്മാവ് എന്ന് പാപ്പാ പഠിപ്പിക്കുന്നു. ബനഡിക്ട് പിതാവു വലിയ ഒരു ദൈവ ശാസ്ത്രജ്ഞനാണ്. വളരെ വലിയവനാണ്. ക്രൈസ്തവ പാരമ്പര്യത്തിലെ ക്ലാസ്സിക്കല്‍ ദൈവശാസ്ത്രജ്ഞന്മാരുടെ കൂട്ടത്തില്‍ പരിഗണിക്കപ്പെടാന്‍ അര്‍ഹതയുള്ളവനാണ്. മറ്റു ദൈവശാസ്ത്ര കുലപതികളെപോലെ ബനഡിക്ട് പിതാവും ദൈവ വചനത്താല്‍ ആവരണം ചെയ്യപ്പെട്ട്, തുളച്ചു കയറപ്പെട്ട ഒരു വ്യക്തിയാണ്. ദൈവവചനത്തില്‍ ജീവിക്കുന്നവനാണ്. വചനം ബനഡിക്ട് പിതാവിന്‍റെ ദൈവശാസ്ത്രത്തിന്‍റെ മജ്ജയാണ്. അദ്ദേഹത്തിന്‍റെ ആത്മീയതയെ പോഷിപ്പിക്കുന്നത് ഈ ദൈവവചനമാണ്. അദ്ദേഹം ദൈവവചനത്തിന്‍റെ  സമുന്നത പ്രഘോഷകനാണ്. കണ്ണും ഹൃദയവും വി. ജറോമിനെപ്പോലെ ജറുസലേമിലേക്കു തിരിച്ച് സ്വര്‍ഗ്ഗീയജറുസലേമിനുവേണ്ടി ആഗ്രഹിച്ചു ജീവിച്ച തീര്‍ത്ഥാടകനായിരുന്നു ബനഡിക്റ്റ്പാപ്പാ. ദൈവവചനം വിശ്വാസത്തില്‍ സ്വീകരിച്ച് സഭയോടൊത്ത് അത് വായിച്ച് ദൈവത്തോടൊപ്പം ഏദേന്‍ തോട്ടത്തില്‍ നടക്കുന്നതാണ് ക്രിസ്തീയജീവിതത്തിന്‍റെ മനോഹാരിതയെന്ന് ബനഡിക്റ്റ് പാപ്പാ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.


പരീക്ഷകളില്‍ ഈശോയോടൊപ്പം നിന്ന ശിഷ്യന്‍
സഭയോടും ക്രിസ്തുവിനോടുമൊപ്പം ജീവിതകാലംമുഴുവന്‍ നിരന്തരം സഞ്ചരിക്കുവാന്‍ സാധിച്ച ക്രിസ്തുവിന്‍റെ വികാരിയായിരുന്നു ബനഡിക്റ്റ് പാപ്പാ. "എന്‍റെ പരീക്ഷകളില്‍ എന്നോടുകൂടെ നിരന്തരം ഉണ്ടായിരുന്നവരാണ് നിങ്ങള്‍" (ലൂക്കാ27:28) എന്ന ഈശോയുടെ അപ്പസ്തോലന്മാരെക്കുറിച്ചുള്ള സാക്ഷ്യം ബനഡിക്റ്റ് പിതാവിനെപ്പറ്റിയും നമുക്ക് പറയുവാന്‍ സാധിക്കും. വലിയ മുക്കുവന്‍റെ സ്ഥാനം ഏറ്റെടുത്തപ്പോള്‍ പാപ്പാ പറഞ്ഞു: "ചെന്നായ്ക്കളെ പേടിച്ച് ഓടിപ്പോകാതിരിക്കുവാന്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം." നിര്‍ഭയം സഭയോടൊത്തു യാത്രചെയ്ത ഇടയനാണ് ബനഡിക്റ്റ് പാപ്പാ. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ മെത്രാപ്പോലീത്തായായിരുന്ന ഗ്രിഗറി നസിയാന്‍സന്‍ തന്‍റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ വിശ്വാസികളെ പ്രബോധിപ്പിച്ചു: "എന്‍റെ കുഞ്ഞുങ്ങളേ, ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു, മറ്റുള്ളവര്‍ക്ക് അസൂയ തോന്നത്തക്കവിധം നിങ്ങളുടെ വിശ്വാസത്തിന്‍റെ നിക്ഷേപം കാത്തുസൂക്ഷിക്കുവിന്‍."ബനഡിക്റ്റ് പിതാവിന്‍റെ പാപ്പാശുശ്രൂഷയുടെ മുഖമുദ്രയും പരീക്ഷകളില്‍ വിശ്വാസം കാത്തുസൂക്ഷിക്കുക എന്നതായിരുന്നു. "കര്‍ത്താവേ, ഞങ്ങള്‍ ആരുടെ പക്കലേക്കു പോകും" (Ad quem lbimus) എന്ന പത്രോസിന്‍റെ ചോദ്യംതന്നെയായിരുന്നു സഭയുടെ പ്രതിസന്ധികളിലും വേദനകളിലും ബനഡിക്റ്റ് പിതാവിന്‍റെ ശരണവും പ്രാര്‍ത്ഥനയും. ബനഡിക്റ്റ് പാപ്പാ തന്‍റെ കൃതികളിലൂടെ ദൈവശാസ്ത്രത്തിനും, വി. ഗ്രന്ഥത്തിനും നൂതനവും തനതുമായ ഒരു ആത്മീയവ്യാഖ്യാനം നല്‍കിയെന്നത് ചരിത്രപരമായ വസ്തുതയാണ്. ദൈവത്തെയും ദൈവികസത്യങ്ങളെയും മനുഷ്യന്‍റെ അറിവുകൊണ്ടും മാനദണ്ഡങ്ങള്‍ക്കൊണ്ടും അളക്കുമ്പോള്‍ നമുക്കൊരിക്കലും ശിഷ്യത്വത്തിലേക്ക് കടന്നുവരുവാന്‍ കഴിയുകയില്ലെന്ന് പാപ്പാ പഠിപ്പിക്കുന്നു. ദൈവത്തെ, "മനുഷ്യന്‍റെ ഛായ" ആക്കുവാന്‍ പരിശ്രമിക്കുന്നതാണ് ഇന്നിന്‍റെ ഏറ്റവും വലിയ അപകടമെന്നും മനുഷ്യന്‍ "ദൈവത്തിന്‍റെ ഛായ"യാണെന്നു മറക്കരുതെന്നും ബനഡിക്റ്റ് പിതാവിന്‍റെ ജീവിതം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.


സഭാത്മക മനുഷ്യന്‍ (Vir ecclesiasticus); അതുല്യനായ ദൈവശാസ്ത്രജ്ഞന്‍
സഭയെ സ്നേഹിക്കുവാനാണ് ബനഡിക്റ്റ് പാപ്പാ നമ്മെ പഠിപ്പിച്ചത്. സഭയെ സ്നേഹിക്കാത്ത ഒരാള്‍ക്ക് ഒരു നല്ല കത്തോലിക്കനാവാന്‍ സാധിക്കുകയില്ലെന്ന് പാപ്പായ്ക്ക് ഉത്തമബോധ്യം ഉണ്ടായിരുന്നു. "അധരത്തിലെ തേന്‍പോലെ മധുരമുള്ളതും കാതുകള്‍ക്ക് ഇമ്പമുള്ള സംഗീതംപോലെയും, ഹൃദയത്തിന്‍റെ സന്തോഷംപോലെയുമാണ്" വിശ്വാസ ജീവിതമെന്ന ക്ലയര്‍വായിലെ ബര്‍ണ്ണാഡിന്‍റെ വാക്കുകള്‍ (mel in ore in aure melos in corde iubilum) ബനഡിക്റ്റ് പിതാവിന്‍റെ സഭാത്മക ജീവിതത്തിന്‍റെ വ്യാഖ്യാനമാണ്. വി. പോള്‍ 6-ാമന്‍ പാപ്പാ പറഞ്ഞതുപോലെ, "ചിന്തയുടെ അഭാവത്താല്‍ ലോകം പ്രതിസന്ധിയിലാണെന്നത്" മനസ്സിലാക്കി ദര്‍ശനങ്ങള്‍കൊണ്ടും ആശയങ്ങള്‍കൊണ്ടും സഭയെ സമ്പന്നയാക്കിയ ദൈവശാസ്ത്രജ്ഞനായിരുന്നു ബനഡിക്റ്റ് പാപ്പാ. "മനുഷ്യരുടെ ആത്മാവിലാണ് സഭ മനോഹരിയായിരിക്കുന്നത്." എന്ന വി. അംബ്രോസിന്‍റെ അഭിപ്രായം ബനഡിക്റ്റ് പാപ്പാ ഉള്‍ക്കൊണ്ടിരുന്നു. എപ്പോഴും ആത്മാക്കളെ വെടിപ്പും സൗന്ദര്യവുമുള്ളതാക്കുന്നതില്‍ സഭ ശ്രദ്ധചെലുത്തണമെന്ന് ബനഡിക്റ്റ് പാപ്പായ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഉള്ളില്‍ സമ്പന്നമായ ഒരു ദൈവശാസ്ത്ര കലാലയം കൊണ്ടുനടന്നവനാണ് റാറ്റ്സിംഗര്‍ പിതാവ്. ഒരേസമയം ഉയരവും ആഴവും വേഗവും ഇഴുകിച്ചേരുന്ന ദൈവശാസ്ത്ര കേസരിയായിരുന്നു അദ്ദേഹം. ദൈവവചനവും ദൈവാരാധനയും സഭാശാസ്ത്രവുമാകുന്ന ത്രിമാനനെടും തൂണുകളിലാണു പാപ്പാ ദൈവശാസ്ത്രം രചിച്ചതും പ്രചരിപ്പിച്ചതും. ദൈവശാസ്ത്രത്തിന്‍റെ കടലാഴമറിയുന്ന രചനകളാണ് അവയെല്ലാം. പരിശുദ്ധ ത്രിത്വം, ഈശോമിശിഹാ, പരിശുദ്ധ റൂഹാ, കൂദാശകള്‍, യുഗാന്ത്യശാസ്ത്രം, പരിസ്ഥിതിദൈവശാസ്ത്രം തുടങ്ങിയവയെല്ലാം ഇഷ്ടവിഷയ  ങ്ങളായിരുന്നു. ക്രിസ്തീയ വേദാന്തത്തിന്‍റെ ഹൃദയം കവര്‍ന്ന വ്യക്തിയായിരുന്നു പാപ്പാ റാറ്റ്സിംഗര്‍. തിരുവചനത്തിന്‍റെ നിത്യതീര്‍ഥാടകനായി ഒരു മിസ്റ്റിക്കിന്‍റെ സാത്വികഭാവത്തോടെയാണു പാപ്പാ തന്‍റെ പ്രഭാഷണങ്ങളെല്ലാം നടത്തിയത്. തന്നെ പാപ്പാ ആയി തെരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ വച്ചു ദൈവശാസ്തത്തില്‍ ആപേക്ഷികതയുടെ സ്വേച്ഛാധിപത്യം (dictatorship of relativism) കൊണ്ടുവരുന്ന അപകടങ്ങളെക്കുറിച്ചു ഗൗരവമായി സംസാരിച്ചിരുന്നു. പതിഭകൊണ്ടുദൈവശാ സ്ത്രത്തെയും ദൈവശാസ്ത്രംകൊണ്ടു പ്രതിഭയെയും തേച്ചുമിനുക്കി മൂര്‍ച്ചപ്പെടുത്തിയവനാണു പാപ്പാ.
 പൗരാണികതയ്ക്കും ആധുനികതയ്ക്കുമിടയിലും പാരമ്പര്യത്തിനും പരിവര്‍ത്തനത്തിനുമിട യിലും സേതുബന്ധനംനടത്തി യഥാര്‍ഥപാരമ്പര്യത്തിന്‍റെ ആരോഗ്യകരമായ തുടര്‍ച്ചയാണു ദൈവശാസ്തം എന്ന ഉറച്ച നിലപാടു പാപ്പാ സ്വീകരിച്ചു. മൂലഗ്രന്ഥങ്ങളും മൂലഭാഷകളും അസാധാരണമായ രീതിയില്‍ പരിചയമുള്ള വ്യക്തിയെന്ന നിലയില്‍ പാപ്പായുടെ രചനകള്‍ക്ക് ആധികാരികതയും മൗലികതയുമുണ്ട്. സഭാപിതാക്കന്മാരുടെ രചനകളിലുള്ള ആഴമായ അറിവ് ഇളക്കമില്ലാത്ത അടിത്തറയായി. മൂന്നു ചാക്രികലേഖന (ദൈവം സ്നേഹമാകുന്നു, പ്രത്യാശയില്‍ രക്ഷ, സത്യത്തില്‍ സ്നേഹം) ങ്ങളിലൂടെയും സാക്രമെന്തും കാരിത്താത്തിസ് (2007), വെര്‍ബും ദോമിനി(2010). ആഫ്രിക്കേമുനൂസ് (2011), എക്ലേസിയ ഇന്‍മേഡിയോ ഓറിയന്തേ (2012) എന്നി ശ്ലൈഹികപ്രബോധനങ്ങള്‍ വഴിയും സഭയുടെ ഔദ്യോഗിക പ്രബോധനത്തിന്‍റെ മര്‍മത്തെ സ്പര്‍ശിച്ചു. ദൈവശാസ്ത്ര അറിവിന്‍റെ ചിന്തേരിട്ടുമിനുക്കിയ ഉപകരണങ്ങളാണുകഴിഞ്ഞ നാളുകളില്‍ രചിച്ച Jesus of Nazareth എന്ന മൂന്നു വാല്യങ്ങളുള്ള അനശ്വര കൃതി. 2006 ലെ ക്രിസ്തുമസ് സന്ദേശത്തില്‍ പറഞ്ഞു. 'മിശിഹാ എന്നപ്രകാശമില്ലാതെ, യുക്തിയുടെ പ്രകാശത്തിനു തനിച്ചു മനുഷ്യവര്‍ഗത്തെയോ ലോകത്തെയോ പ്രകാശിപ്പിക്കുവാനാവില്ല.' പ്രഭാഷണങ്ങളിലൂടെ നിത്യസത്യങ്ങള്‍ക്ക് ആകര്‍ഷകത്വം തുളുമ്പുന്ന വ്യാഖ്യാനം നല്കി. പരിശുദ്ധ ത്രിത്വത്തിനു പകരം സാത്താന്‍റെ ത്രിത്വമാണ് (സെക്സ്, ഡ്രഗ്സ്, ഭീകരപ്രവര്‍ത്തനം) ഇന്നു ജനഹൃദയങ്ങളില്‍ ഭരണം നടത്തുന്നത് എന്ന അപകടം ലോകത്തെ അറിയിച്ചു. വിശ്വാസം, ശരണം, ഉപവി എന്നീ ദൈവികപുണ്യങ്ങള്‍ പരിശുദ്ധ ത്രിത്വത്തിലെ മൂന്നു ദൈവിക ആളുകള്‍പോലെയാണെന്നും അവയില്‍ ഒന്നു നഷ്ടമായാല്‍ മറ്റു രണ്ടിനെയും ബാധിക്കുമെന്നും പഠിപ്പിച്ചു. ദൈവഭാഷ സംസാരിക്കാനും കേള്‍ക്കാനും താല്പര്യമില്ലാത്ത ആധുനിക ലോകത്തിന് ഒരു എസ് പസഫ്, എഫാത്താ (തുറവി - തുറക്കപ്പെടല്‍) വേണമെന്നു ശാഠ്യം പിടിച്ചു. 
ദൈവഭാഷ നഷ്ടപ്പെടുന്നതു മൂലം ലോകത്തില്‍ ഒരു ദൈവഗ്രഹണം (God eclipse) തന്നെ സംഭവിക്കുന്നുണ്ടെന്നും പഠിപ്പിച്ചു. അന്‍പതു വര്‍ഷങ്ങളിലെ പരിശുദ്ധ ബനഡിക്ട് പിതാവിന്‍റെ ദൈവശാസ്ത്ര ശുശ്രൂഷ ഒരു തുടര്‍കഥയാണ്. വിശുദ്ധ ബൊനവഞ്ചറിന്‍റെയും റൊമാനോ ഗവര്‍ദിനിയുടെയും സ്വാധീനത്തിലുള്ള ഒരു ത്രിത്വകേന്ദ്രിത മിശിഹാവിജ്ഞാനീയവും വിശുദ്ധ ആഗസ്തീനോസിന്‍റെ സഭാവിജ്ഞാനിയവും അതില്‍ത്തന്നെ ഹെന്‍റി ദെ ലുബാക്കിന്‍റെയും ബാല്‍ത്തസാറിന്‍റെയും സ്വാധീനവും പാപ്പായുടെ ദൈവശാസ്ത്രത്തിന്‍റെ അടിത്തറയാണ്.
പരിശുദ്ധ ബനഡിക്ട് പിതാവ് നല്ല ഒരു ദാര്‍ശനികന്‍കൂടിയാണ്. ഗ്രീക്ക് തത്ത്വശാസ്ത്രവും ആധുനിക ജര്‍മന്‍ തത്ത്വശാസ്ത്രവും അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. വിശുദ്ധ ആഗസ്തീനോസിന്‍റെയും വിശുദ്ധ തോമസ് അക്വീനാസിന്‍റെയും തത്വശാസ്ത്രം അദ്ദേഹത്തിനു പ്രിയങ്കരമായിരുന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ ഒരു പെരിത്തൂസ് (വിദഗ്ധന്‍) എന്നനിലയില്‍ 50 വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ച ദൈവശാസ്ത്രശുശ്രുഷ, കഴിഞ്ഞ അരനൂറ്റാണ്ടിലൂ ടെ ആ കൗണ്‍സില്‍ പ്രബോധനങ്ങള്‍ക്കു വ്യാഖ്യാനം നല്കി ജീവിതം ധന്യമാക്കി. തെറ്റുപറ്റാത്ത ഒരു നീതി പീഠമായിരുന്നു ബനഡിക്ട് പാപ്പാ.
വിശുദ്ധ ആഗസ്തീനോസ്സിന്‍റെയും വിശുദ്ധ ബൊനവെഞ്ചറിന്‍റെയും റൊമാനോ ഗ്വര്‍ദ്ദീനിയുടെയും ഗ്രന്ഥങ്ങളിലൂടെ ഗവേഷണം നടത്തി ദൈവശാസ്ത്രചിന്തകളുടെ മാഞ്ഞുപോകാത്ത ശിലാക്ഷരമായി, സത്യവിശ്വാസത്തിന്‍റെ കാവലാളായി.


ലിറ്റര്‍ജിയുടെ കാവലാള്‍

    പോപ്പ് ബനഡിക്റ്റിന്‍റെ വാക്കുകള്‍ ശ്രദ്ധേയമത്രേ: "Guardini 1918 Spirit of the Liturgy എന്ന ഗ്രന്ഥം പ്രസിദ്ധം ചെയ്തപ്പോള്‍ ലിറ്റര്‍ജി ഒരു  ചുമര്‍ ചിത്രം പോലെയായിരുന്നു. നാശനഷ്ടം വരാതെ സംരക്ഷിച്ചു. പക്ഷെ പിന്നീടുവന്ന തലമുറകള്‍ അതിനെ ചായം പൂശി, വെള്ളപൂശി ആവശ്യത്തില്‍ കൂടുതല്‍ മറച്ചുകളഞ്ഞു. ഇപ്പോഴത്തെ ആരാധനക്രമഗ്രന്ഥങ്ങളിലും ആദ്യകാല ചൈതന്യമുണ്ട്. പക്ഷേ മറ്റു ഉപദേശങ്ങളും പ്രാര്‍ത്ഥനകളും നിര്‍ദേശങ്ങളും എല്ലാം തിരുകി കയറ്റി സ്വകാര്യപ്രാര്‍ത്ഥനകള്‍ കൊണ്ടും മറ്റും അതിന്‍റെ യഥാര്‍ത്ഥ മഹിമ കാണാന്‍ പറ്റാത്തതു പോലെയായി. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഈ ചുമര്‍ ചിത്രത്തിന്‍റെ അമിതമായ കൂട്ടുകള്‍ കഴുകി വൃത്തിയാക്കി. ഒരു നിമിഷം അതിന്‍റെ നിറവും ഭംഗിയും നമ്മെ വിസ്മയിപ്പിച്ചു. എന്നാല്‍ വീണ്ടും നവീകരണം എന്ന കാലാവസ്ഥ വ്യതിയാനം കൊണ്ട് അതിന്‍റെ സ്വത്വം നഷ്ടപ്പെട്ടാന്‍ തുടങ്ങി. ചിലപ്പോഴെല്ലാം അതിന്‍റെ നാശം തന്നെ ചൂണ്ടിക്കാണിക്കുന്ന നവീകരണം വരെയെത്തി. ചായം പൂശേണ്ടി വന്നാലും അല്പം ബഹുമാനാദരവുകളോടെ ചെയ്താല്‍ സമസ്ത നാശത്തില്‍ നിന്ന് മോചനം നേടാം".
     Sacramentum Caritatis ബനഡിക്റ്റ് പിതാവ് പറഞ്ഞു : വി, കുര്‍ബാനയോട് ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മനോഹരമായിരിക്കണം; സൗന്ദര്യമുള്ളതായിരിക്കണം. തിരുവസ്ത്രങ്ങളും തിരുപാത്രങ്ങളും എല്ലാം ശ്രദ്ധിക്കണം. അവയുടെ നല്ല ക്രമീകരണം തന്നെ ദൈവാരാധനയ്ക്കും വിശ്വാസത്തില്‍ ആഴപ്പെടുന്നതിനും സഹായിക്കും. അവ ഭക്തിയെ ശക്തിപ്പെടുത്തും. 
     Verbum Domini 30 - ല്‍ "സഭയാണ് വചനത്തിന്‍റെ വീട്. ലിറ്റര്‍ജിയാണ് ദൈവം സംസാരിക്കുന്ന ഏറ്റവും നല്ല വേദി. ഈ വീട്ടിലും ഈ പശ്ചാത്തലത്തിലുമാണ് നമ്മള്‍ തിരുവചനം കേള്‍ക്കുന്നത്. ലിറ്റര്‍ജിയില്‍ എപ്രകാരമാണ് വി. ഗ്രന്ഥം കൈകാര്യം ചെയ്യേണ്ടത് എന്ന നമ്മള്‍ പഠിക്കേണ്ടതുണ്ട്. ഒരു വര്‍ഷക്കാലം മുഴുവന്‍ ലിറ്റര്‍ജിയിലൂടെ വെളിവാക്കുപ്പെടുന്ന ദൈവവചനം നമ്മുടെ ജീവിതത്തെ ഗൗരവതരമായി സ്വാധിനിക്കേണ്ടതാണ്".

സ്ഥാനത്യാഗം ചെയ്തു

    "ദൈവം എനിക്കുതന്ന ശുശ്രൂഷയില്‍നിന്ന് ഒഴിയാന്‍ തീരുമാനിച്ചിരിക്കുന്നു. പൂര്‍ണ്ണമനസ്സോടെ സഭയുടെ നന്മക്കുവേണ്ടിയാണിത്. എന്‍റെ ഈ തീരുമാനത്തിന്‍റെ ഗൗരവത്തെക്കുറിച്ച് തികഞ്ഞബോധ്യമുണ്ട്. ഈ പദവി ആവശ്യപ്പെടുന്ന ആരോഗ്യം എനിക്കില്ല. ഏകാഗ്രതയില്‍ പ്രാര്‍ത്ഥനാ ജീവിതം നയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മറഞ്ഞിരിക്കുമ്പോഴും തൊട്ടടുത്തു ഞാനുണ്ടാവും".
    "ചിലപ്പോഴെങ്കിലും ഗലീലിയാ തടാകത്തില്‍ കര്‍ത്താവിനോടും മറ്റു ശിഷ്യന്മാരോടും കൂടി ഇളകിമറിയുന്ന വഞ്ചിയിലായിരുന്ന അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. പക്ഷേ കര്‍ത്താവ് ബോട്ടില്‍ എപ്പോഴും ഉണ്ടായിരുന്നു എന്ന ചിന്ത എന്നിലുണ്ടായിരുന്നു.  സഭായാകുന്ന ബോട്ട് എന്‍റേതല്ല എന്ന ചിന്തയും എനിക്കുണ്ടായിരുന്നു. ആന്തരീകമായിട്ട് ഞാന്‍ എന്‍റെ വീട്ടിലേയ്ക്കുള്ള തീര്‍ത്ഥാടനം  നടത്തുകയാണ്".
 സ്ഥാനത്യാഗത്തെ കുറിച്ച്: "ഞാന്‍ കുരിശ് ഉപേക്ഷിക്കുകയല്ല ഞാന്‍ ക്രൂശിതനോട് ഒരു പ്രത്യേക വിധത്തില്‍, ഒരു പുതിയ രൂപത്തില്‍ ബന്ധപ്പെടുകയാണിപ്പോള്‍. സഭാ ഭരണത്തിന്‍റെ ഉത്തരവാദിത്വം ഞാന്‍ ഉപേക്ഷിക്കുകയാണ്. എന്നാല്‍ പ്രാര്‍ത്ഥനയില്‍ ഞാന്‍ വി. പത്രോസിന്‍റെ ആവൃതിക്കുളളില്‍ ഉണ്ട്. പ്രാര്‍ത്ഥനയിലൂടെയും വിചിന്തനങ്ങളിലൂടെയും ഞാന്‍ സഭയുടെ വഴിയില്‍ ഉണ്ട്".

 "ഞാന്‍ ഭൂമിയില്‍ ഒരു യാത്രക്കാരനാണ്. ഭൗമിക യാത്രയുടെ അവസാന ഘട്ടത്തിലെത്തിയ ഒരാള്‍". അസ്തമന സൂര്യന്‍റെ തിരോധാന വിസ്മയം കാണാന്‍ കടല്‍തീരത്ത് കാത്തിരുന്ന സഞ്ചാരിയെപ്പോലെ ആയിരുന്നു ബനഡിക്ട് പിതാവ്. ബനഡിക്ട് നിത്യതയുടെ തീരത്തേക്ക് എത്തി. സത്യതീരമണഞ്ഞ് ലോകത്തോട് വിട പറയുന്നു. നിഴലുകളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്കുളള യാത്ര. പാപ്പായുടെ യഥാര്‍ത്ഥ കിരീട ധാരണം ഇതാണ്.