ജീവനായി...ജാഗ്രത...സിബിഗിരി ഇടവകയിലെ മുട്ടം ടൗണിൽ ക്രൈസ്തവ സമൂഹ ശാക്തീകരണം

ജീവനായ് ജാഗ്രതയോടെ

 ക്രൈസ്തവ സഭക്കെതിരെ ഇന്ന് വിവിധ സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കും പീഡനങ്ങൾക്കും, കേരള സംസ്ഥാനത്ത് ക്രൈസ്തവർക്കുണ്ടായിക്കൊണ്ടിരിക്കുന്ന അവഹേളനങ്ങൾക്കും അവഗണനയ്ക്കുമെതിരെ  കത്തോലിക്കാ കോൺഗ്രസ്സ്  മുട്ടം സിബിഗിരി യൂണിറ്റിന്റെ നേതൃത്വത്തിൽ, മുട്ടം സെന്റ്.സെബാസ്റ്റ്യൻസ് ഇടവകയിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ, നാളെ 21/05/2023 ഞായറാഴ്ച ജീവനായ് ജാഗ്രതയോടെ’ എന്ന സന്ദേശമുയർത്തിക്കൊണ്ട് ക്രൈസ്തവ സമുദായ ശാക്തീകരണ പ്രകടന ജാഥ മുട്ടത്ത് നടത്തപ്പെടുകയാണ്.

ജീവനായ് ജാഗ്രതയോടെ

മുട്ടം മർത്തമറിയം പള്ളിയങ്കണത്തിൽനിന്നും 21/5/2023 ഞായറാഴ്ച രാവിലെ 8.30-ന് കത്തോലിക്കാ കോൺഗ്രസ്‌ ഗ്ലോബൽ സെക്രട്ടറി ശ്രീ. രാജീവ്‌ കൊച്ചുപറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്യുന്ന ജാഥ മുട്ടം നഗരവീഥിയിലൂടെ സഞ്ചരിച്ച് കോടതി ജംഗ്ഷനിൽ എത്തിച്ചേരുകയും അവിടെ നിന്നും ഗവൺമെൻറ് ഹോസ്പിറ്റൽ ജംഗ്ഷനിൽ എത്തി  തിരിച്ച് മുട്ടം ടൗൺ പാരിഷ് ഹാളിൽ എത്തിച്ചേരുമ്പോൾ റവ. ഡോ. ജോസഫ് കടുപ്പിൽ  (വടവാതൂർ പൗരസ്ത്യ വിദ്യാപീഠം കാനൻ നിയമ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും, കേരള ഹൈക്കോടതിയിലെ രജിസ്റ്റേർഡ് അറ്റോർണിയുമാണ് ) അഭിസംബോധന ചെയ്തു സംസാരിക്കുന്നു... 

1. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്നുവരുന്ന ക്രൈസ്തവ പീഡനങ്ങൾ അവസാനിപ്പിച്ച് വിശ്വാസികൾക്കു സംരക്ഷണം നൽകുക.                                                                                        
2. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവ സഭയെയും സന്യസ്ഥരെയും അവഹേളന പാത്രമാക്കുന്ന കലാരൂപങ്ങളെയും അവയ്ക്ക് ഒത്താശചെയ്യുന്ന സാംസ്കാരിക മാധ്യമ സിൻഡിക്കേറ്റുകളെയും നിയന്ത്രിക്കുക.

3. റബ്ബർ കർഷകരെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുക.

4. കാർഷികോല്പന്നങ്ങൾക്ക് ന്യായമായ വില  ഉറപ്പാക്കുക.

5. പശ്ചിമഘട്ടത്തിൽ ജനജീവിതം ഇല്ലാതാക്കുന്ന ബഫർസോൺ എന്ന അജണ്ട നടപ്പാക്കാൻ അനുവദിക്കാതിരിക്കുക.

6. ജലസേചന പദ്ധതിക്കായി ഏറ്റെടുത്ത കൃഷിഭൂമി റിസർവ്വ് വനമാക്കി മാറ്റുവാനുള്ള പദ്ധതി ഉപേക്ഷിക്കുക.

7. മലങ്കര ടൂറിസം പദ്ധതി എത്രയും വേഗം നടപ്പിൽ വരുത്തി ജനങ്ങളുടെ സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുക.

8. വന്യജീവികളിൽ നിന്നും കൃഷി ഭൂമിയെയും, കർഷകനെയും സംരക്ഷിക്കുക

9. എലി ഉൾപ്പെടെയുള്ള ക്ഷുദ്ര ജീവികളെ വന്യജീവികളാക്കി മാറ്റിയ ഉത്തരവ് റദ്ദുചെയ്യുക.

10. കൃഷിഭൂമി വനഭൂമിയാക്കി കർഷകരെ കുടിയിറക്കുവാനുള്ള നടപടികൾ ഉപേക്ഷിക്കുക.

11. മുട്ടം ഗ്രാമപഞ്ചായത്തും, മലങ്കര ഡാം പ്രദേശങ്ങളും  മാലിന്യ വിമുക്തമാക്കുവാൻ നടപടി സ്വീകരിക്കുക.

12. പഞ്ചായത്തിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുവാനുള്ള നടപടികൾ സ്വീകരിക്കുക.

13. മുട്ടം ഗ്രാമ പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യ വിമുക്ത ഗ്രാമമായി സംരക്ഷിക്കുക.

14. സംസ്ഥാന സർക്കാർ അമിതമായി വർദ്ധിപ്പിച്ച രജിസ്‌ട്രേഷൻ ഫീസുകൾ അടിയന്തിരമായി പിൻവലിക്കുക.

15. സാധാരണ ജനത്തിന്റെ മേൽ നടത്തുന്ന ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക.

16. ന്യൂനപക്ഷ ആനുകൂല്യങ്ങളിലെ വിവേചനം അവസാനിപ്പിക്കുക.

17. നാട്ടിലെ മയക്കുമരുന്ന് വ്യാപനം തടയുവാൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കുക.

18. യുവജനതയെ മയക്കുമരുന്നിനടിമകളാക്കി സമൂഹത്തെ തകർക്കുവാനുള്ള ഗൂഡ നീക്കം തടയുക.

തുടങ്ങിയ ആവശ്യങ്ങങ്ങൾ ഉന്നയിച്ചുകൊണ്ട് മുട്ടം സിബിഗിരി കത്തോലിക്ക കോൺഗ്രസ് യൂണിറ്റിന്റെയും ഭക്തസംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന സമുദായ ശാക്തീകരണ പ്രകടന ജാഥയിലേക്ക് ഈ നാടിനെ സ്നേഹിക്കുന്ന നാടിന്റെ വികസനത്തെ സ്നേഹിക്കുന്ന സംസ്കൃതിയെ സ്നേഹിക്കുന്ന ഏവരെയും സ്വാഗതം ചെയ്യുന്നു.