ദയാവധത്തിനെതിരെ യഹൂദ മത ഐക്യത്തിനു വേണ്ടിയുള്ള വത്തിക്കാൻ കമ്മീഷനും യഹൂദ മത വിശ്വാസികളുടെ പരമോന്നത സംഘടനയായ ചീഫ് റബ്ബിനെറ്റ് ഓഫ് ഇസ്രായേലും സംയുക്ത പ്രസ്താവന ഇറക്കി. ജെറുസലേമിൽ ചേർന്ന ഇരുവിഭാഗങ്ങളുടെയും പതിനേഴാമത് സംയുക്ത കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മെയ് 12നു ഇത്തരത്തില്‍ ഒരു പ്രസ്താവന ഇരുവിഭാഗങ്ങളും ഇറക്കിയത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് വാർഷിക സമ്മേളനം ഇത്തവണ സംഘടിപ്പിക്കുന്നത്. “മാറാരോഗികളോട് യഹൂദരുടെയും, കത്തോലിക്കരുടെയും സമീപനം: വിലക്കപ്പെട്ടിരിക്കുന്നത്, നിയന്ത്രണം ഉള്ളത്, നിർബന്ധമുള്ളത്” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സമ്മേളനം.
