കരുതലിൻ്റെ സംസ്‌കാരം വളർത്തി ആത്മഹത്യകളെ പ്രതിരോധിക്കാം

ആധുനികലോകം സമസ്തമേഖലകളിലും മുന്നോട്ടു കുതിക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും മനുഷ്യബന്ധങ്ങളിൽ തിരിച്ചടി നേരിടുന്നത് മാനുഷിക മൂല്യങ്ങളുടെ ശോഷണത്തിലേക്ക് സമൂഹത്തെ കൊണ്ടുചെന്ന് എത്തിക്കുന്നു. ജീവിതത്തിൻ്റെ  അർത്ഥവും പ്രസക്തിയും നഷ്ടപ്പെട്ടുവെന്ന ബോധത്തിൽനിന്നാണ് മനുഷ്യൻ ആത്മഹത്യയിലേക്ക് തിരിയുന്നത്. മൂല്യങ്ങൾ ധനത്തിന് അടിപ്പെടുകയും ലാഭനേട്ടങ്ങൾ മനുഷ്യബന്ധങ്ങളെ നിർണ്ണയിക്കുകയും ചെയ്യുന്ന നവഉദാരവൽക്കരണ യുഗത്തിൽ മനുഷ്യജീവനു മാത്രം ഔദാര്യം ലഭിക്കാതിരിക്കുകയും ചെയ്യുന്നത് വൈരുദ്ധ്യമെങ്കിലും ഇത് ലാഭേച്ഛ സൃഷ്ടിക്കുന്ന ഒരു മായിക ലോകത്തിൻ്റെ സാക്ഷാൽ ഉപ ഉൽപ്പന്നമാണ്. ജീവിതത്തിൻ്റെ  അത്യാവശ്യങ്ങളെപ്പോലും കൂട്ടിമുട്ടിക്കാനാവാതെ പ്രതിസന്ധികളിലായിരിക്കുന്ന മനുഷ്യർക്ക് കമ്പോള സംസ്കാരത്തിൽ തങ്ങളുടെ ജീവിതത്തിന് അർത്ഥം കണ്ടെത്താനാവാതെ വരുന്നതിൽ അതിശോക്തി ഇല്ല. ലോകം മുഴുവൻ വ്യാപിക്കുന്ന കമ്പോള മത്സരത്തിൽ മേൽക്കോയ്മയ്ക്കായി വ്യവസായ ഭീമന്മാരും പ്രതിയോഗികളും കൊമ്പുകോർക്കുമ്പോൾ മാനുഷിക മൂല്യങ്ങൾ കൈമോശം വരുന്നത് സ്വാഭാവിക പരിണാമം മാത്രമാകുന്നു.  ഇവിടെയാണ് ജീവിതപ്രശ്നങ്ങളിൽപെട്ട്  ഇടറുകയും പതറുകയും ചെയ്യുന്ന മനസ്സുകൾക്ക് പ്രതീക്ഷ നഷ്ടപ്പെടുന്നത്. ഒറ്റയ്ക്കാവുന്നു എന്ന തോന്നലിൽനിന്നും നമ്മുടെ സഹോദരങ്ങളെ മോചിപ്പിക്കുവാനും സ്നേഹത്തിൻ്റെ  ഒരു കരുതൽ വലയം തീർത്ത് ഏത് പ്രതിസന്ധിയിലും സമൂഹം ഒപ്പം ഉണ്ടെന്നുമുള്ള ബോധം നൽകാനുമായാൽ അത് നിരവധി ജീവൻ രക്ഷിക്കാനാവുന്ന കൂട്ടായ്മയുടെ ഉദയമായിരിക്കും. ഓരോ ആത്മഹത്യയും സമൂഹത്തിൽ വലിയ മുറിവുകൾ അവശേഷിപ്പിച്ചുകൊണ്ടാണ് കടന്നു പോകുന്നത്.
    ഓരോ 40 സെക്കൻഡിലും ലോകത്ത് ഒരാൾ ആത്മഹത്യ ചെയ്യുന്നു. ഓരോ 3 സെക്കൻഡിലും ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. ഓരോ വർഷവും ശരാശരി 8 ലക്ഷം പേരാണ് ലോകത്ത് ആത്മഹത്യ ചെയ്യുന്നത്. ഒരു ആത്മഹത്യ നടക്കുമ്പോൾ അത് കുറഞ്ഞത് 6 വ്യക്തികളെയെങ്കിലും പ്രത്യക്ഷമായോ പരോക്ഷമായോ ദോഷകരമായി ബാധിക്കുന്നു. ഇന്ത്യയിൽ ഒരു വർഷം ശരാശരി 135,000 പേർ ആത്മഹത്യ ചെയ്യുന്നു. ഇതിൽ തെക്കേഇന്ത്യയാണ് മുൻപന്തിയിൽ. സംസ്ഥാന കണക്കുകളിൽ കേരളമാണ് ആത്മഹത്യാ നിരക്കിൽ ഇന്ത്യയിൽ ഒന്നാമതായി സ്ഥാനം നേടിയിരിക്കുന്നത്. കേരളത്തിലെ ലക്ഷം പേരിൽ ശരാശരി 25 പേർ ഓരോവർഷവും ആത്മഹത്യ ചെയ്യുന്നു. കേരളത്തിലെ ആത്മഹത്യാനിരക്ക് ദേശീയ ശരാശരിയുടെ രണ്ടര ഇരട്ടിയാണ്. ഈ കോവിഡ് കാലത്ത് മാത്രം ആദ്യ 66 ദിവസംകൊണ്ട് 108 കുട്ടികളാണ് കേരളത്തിൽ തങ്ങളുടെ ജീവനവസാനിപ്പിച്ചത്.
    ഒരു വ്യക്തി സ്വയം ജീവിതമവസാനിപ്പിക്കുവാൻ തീരുമാനമെടുക്കുന്നത് കടുത്ത മാനസിക സമ്മർദ്ദത്തിൻ്റെ  ഫലമാണ്. ജീവിതം വഴിമുട്ടിയതായി അനുഭവപ്പെടുമ്പോൾ സംസാരത്തിലൂടെയും പ്രവർത്തികളിലൂടെയും തങ്ങളുടെ മാനസികാവസ്ഥ അവർ പ്രതിഫലിപ്പിക്കുന്നുണ്ടാവും. ഏകാന്തതയിലേയ്ക്കുള്ള ഉൾവലിയൽ,  വിഷാദം, ഒരു കാര്യത്തിലും താല്പര്യമില്ലായ്മ, സമൂഹത്തിൽനിന്നു അകന്നു നിൽക്കാനുള്ള പ്രവണത, നിരാശ ഉളവാക്കുന്ന സംസാരം, ജീവിതം എങ്ങനെയും അവസാനിച്ചു കിട്ടിയിരുന്നെങ്കിലെന്ന മനോഭാവം ഇവയെല്ലാം വ്യക്തമായ ആത്മഹത്യാ സൂചനകളാണ്. കുടുംബപ്രശ്നങ്ങൾ, ദാരിദ്ര്യം, തൊഴിലില്ലായ്മ, കടബാധ്യതകൾ, കൃഷിനാശം, പ്രകൃതിക്ഷോഭം, ലഹരി, പരീക്ഷാതോൽവി, വിവാഹതടസ്സം, ജോലി നഷ്ടം, സന്താനമില്ലായ്മ, അഭിമാനക്ഷതം, അപകടങ്ങൾ, തുടർരോഗങ്ങൾ എന്നിങ്ങനെ ആത്മഹത്യയിലേക്ക് നയിക്കാവുന്ന നിരവധി കാരണങ്ങളുണ്ട്. മാനസിക ആരോഗ്യം കുറഞ്ഞവരിലും ആത്മഹത്യാ പ്രവണത ഉണ്ട്.
    ഒരു വ്യക്തിയുടെ ജീവിതപ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരമില്ലെന്ന സ്ഥിതിവിശേഷം ആത്മഹത്യയ്ക്ക് പ്രേരകമാകുന്നു. ആത്മഹത്യാ സാധ്യതകൾ തിരിച്ചറിഞ്ഞ് കൃത്യമായ സമയത്തുള്ള വിവേകപൂർണ്ണമായ ഇടപെടലിലൂടെ അനേകം ജീവൻ രക്ഷിക്കാനാവും. സംഘർഷ പൂർണമായ മാനസികാവസ്ഥയിലായിരിക്കുന്നവരെ തിരിച്ചറിയുവാൻ സാധിക്കുന്നത് അവർ സംസാരത്തിലൂടെയും പ്രവൃത്തികളിലൂടെയും നൽകുന്ന സൂചനകളിലൂടെയാണ്. ആത്മഹത്യയ്ക്ക് മുൻപ് ഇപ്രകാരമുള്ള സൂചനകൾ പ്രത്യക്ഷമായോ പരോക്ഷമായോ വ്യക്തികൾ നൽകാറുണ്ട്. ഈ സൂചനകൾ നൽകുന്നവരെ കണ്ടെത്തി സാന്ത്വനമേകുവാനും ശുഭാപ്തിവിശ്വാസം പകരുവാനും സാധിച്ചാൽ വലിയ നന്മ സമൂഹത്തിന് ചെയ്യുവാനാകും. സന്മനസ്സുള്ളവരുടെ സംഘാതവും ശാസ്ത്രീയവുമായ ഇടപെടീലിൽ നിരാശയിൽ പെട്ടിരിക്കുന്നവരെ പ്രതീക്ഷയിലേയ്ക്ക് കൈപിടിച്ചുയർത്തുവാനാകും. എന്നാൽ പൊതുവിൽ ആത്മഹത്യാ പ്രവണതകൾ ചിലർ പ്രകടിപ്പിക്കുമ്പോഴും നിസംഗത പുലർത്തുന്ന സമീപനമാണ് സമൂഹം പലപ്പോഴും അവലംബിക്കുന്നത്. 
    തിരക്കേറിയതെന്ന ഭാവത്തിൽ ആധുനിക മനുഷ്യന് സ്വന്തം സഹോദരങ്ങളെ ശ്രദ്ധിക്കുവാനോ സാന്ത്വനമേകുവാനോ സാധിക്കാതെ വരുന്നത് മാനുഷിക മൂല്യങ്ങളുടെ ശോഷണത്തിൻ്റെ അടയാളമാണ്. മാനുഷിക ബന്ധങ്ങൾ പരിപോഷിപ്പിക്കുകയും കൂട്ടായ്മയുടെ ഒരു സംസ്കാരം വളർത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. മനുഷ്യജീവിതത്തിൻ്റെ മഹത്വം അപരനിലേക്ക് നീളുന്ന കരുതലിൻ്റെ  ചൈതന്യമാണെന്ന തിരിച്ചറിവ് സമൂഹത്തിനുണ്ടാവണം. സ്വാർത്ഥ താല്പര്യ സംരക്ഷണ വ്യഗ്രതയിൽ അത്യാവശ്യത്തിലും അപകടത്തിലുമായിരിക്കുന്ന സഹോദരങ്ങളെ വിസ്മരിക്കുന്നത് സമൂഹത്തിനു മുഴുവൻ പ്രതിസന്ധി സൃഷ്ടിക്കും. ആർക്കും സ്വയം സുരക്ഷിത വലയം തീർക്കാനാവില്ലെന്നതും പാരസ്പര്യത്തിൻ്റെ ചൈതന്യവും ശക്തിയുമാണ് മനുഷ്യജീവിതത്തിൻ്റെ മഹത്വത്തിന് നിദാനമായിരിക്കുന്നതെന്നുള്ളതും തിരിച്ചറിയണം.
          ആത്മഹത്യയിലേയ്ക്ക് എത്തുന്നതിനു മുൻപ് ഒരു വ്യക്തി കടുത്ത നൈരാശ്യത്തിലും ഒപ്പം വിഷാദത്തിനും അടിമപ്പെട്ടിട്ടുണ്ടാവും. ഈ മാനസിക സമ്മർദ്ദത്തിൽ ഉള്ളിൽ പടരുന്ന ഇരുളിൽ ചുറ്റുമുള്ള വെളിച്ചവും സ്വന്തം ശക്തിയും കാണാനും അറിയാനും സാധിക്കാതെ പോകുന്നു. പ്രതിസന്ധിയിലായിരിക്കുന്ന നമ്മുടെ സഹോദരങ്ങളുടെ മാനസികാവസ്ഥയുടെ പ്രതിഫലനങ്ങൾ നിരീക്ഷിച്ച് അവരുടെ ഉള്ളിൽ നിറഞ്ഞിരിക്കുന്ന അന്ധകാരമകറ്റുവാൻ ചുറ്റുമുള്ളവർക്ക് സാധിക്കണം. ആകുലതകളിലും പ്രതിസന്ധികളിലും ആരെങ്കിലും ഒപ്പമുണ്ടെന്ന ആത്മവിശ്വാസം ഈ സാഹചര്യങ്ങളെ ഫലപ്രദമായി നേരിടുവാൻ പ്രശ്നങ്ങളിലായിരിക്കുന്നവരെ സഹായിക്കും. ആത്മഹത്യാചിന്തയുടെ സ്വാധീനത്തിൽനിന്നും വിമോചിതരായി ജീവിതത്തിൻ്റെ സ്വാഭാവികതയിലേയ്ക്ക് ഉൾചേരാനുള്ള കരുത്ത് നൽകാനിടയാക്കുന്ന പ്രേരണ നൽകുവാൻ സന്മനസ്സുള്ളവർക്ക് സാധിക്കും. ഇപ്രകാരമുള്ള മാനുഷികമൂല്യങ്ങൾക്ക് ഊർജം നൽകുന്ന പ്രസ്ഥാനങ്ങളുടെയും സംവിധാനങ്ങളുടെയും അഭാവം ആത്മഹത്യകളെ നേരിടുന്നതിൽ പരാജയം സംഭവിക്കുന്നതിന് കാരണമാകുന്നു. കുടുംബങ്ങളിലെ ആശയവിനിമയക്കുറവ്, സുഹൃത്ബന്ധങ്ങളുടെ ദൗർബല്യം, സൗഹൃദങ്ങളിലെ ഊഷ്മളതയില്ലായ്മ, ജീവിത രംഗങ്ങളിൽ നേരിടുന്ന സമ്മർദ്ദങ്ങളുടെ കാഠിന്യം, മദ്യപാനാസക്തി എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ ആത്മഹത്യാപ്രവണത വർദ്ധിക്കുവാനുള്ള സാഹചര്യമാണുള്ളത്. എന്നാൽ ഈ സാഹചര്യങ്ങളിൽ തങ്ങളുടെ നൊമ്പരങ്ങൾ പങ്കുവയ്ക്കപ്പെടുന്ന ഒരു വേദിയുണ്ടെന്നത് ക്ലേശമനുഭവിക്കുന്നവർക്ക് വലിയ സമാശ്വാസമാണ്. ആത്മഹത്യാശ്രമങ്ങൾ ഒറ്റപ്പെടുന്നവരുടെ സഹായത്തിനു വേണ്ടിയുള്ള നിലവിളി തന്നെയാണ്. ഇത്തരം തേങ്ങലുകൾക്ക് ഇടം കൊടുക്കുന്ന ഹൃദയമുള്ളവരുടെ ഒരു സംസ്കാരത്തിൻ്റെ ഉദയത്തിനുമാത്രമേ ആത്മഹത്യകളെ പ്രതിരോധിക്കാനാവുന്ന കോട്ട തീർക്കാനാവൂ. ഇവിടെ മന:ശാസ്ത്ര വിദഗ്ധരും കൗൺസിലിംഗ് മേഖലയിൽ പ്രാവീണ്യമുള്ളവരും അവരോട് ചേർന്ന് അത്യാവശ്യഘട്ടങ്ങളിൽ തകർന്ന മനസ്സുകൾക്ക് ശക്തിപകരുന്ന സന്നദ്ധ സംഘടനകളും വ്യാപകമായി രൂപപ്പെടണം. ഇപ്രകാരം രൂപപ്പെടുന്ന 'ഹെൽപ് ലൈനു'കൾ തീർച്ചയായും സമ്മർദ്ദ ഘട്ടങ്ങളിൽ വ്യക്തികൾക്ക്  മാർഗനിർദ്ദേശങ്ങൾക്കും പങ്കുവയ്ക്കലിനും ഇടയാക്കും. ആത്മഹത്യാ പ്രവണതകളെ കരുതലിൻ്റെയും സ്നേഹകൂട്ടായ്മയുടെയും തണലിൽ ഫലപ്രദമായി പ്രതിരോധിക്കാനാവുമെന്നത് വാസ്തവമാണ്.
           ജനിച്ചുവീഴുന്ന നിമിഷം മുതൽ വളരാനും വികസിക്കാനും പക്വത നേടി ജീവിതത്തെ സാർത്ഥകമാക്കാനുമുള്ള അഭിനിവേശം ഓരോ മനുഷ്യവ്യക്തിയിലുമുണ്ട്. അതുകൊണ്ടുതന്നെ ജനനം മുതൽ ഓരോ ഘട്ടങ്ങളിലും ഏറെ മാറ്റങ്ങൾക്ക് വിധേയമാക്കേണ്ടി വരും. ഈ മാറ്റങ്ങളാണ് ഒരാളുടെ വ്യക്തിത്വത്തിൻ്റെ ഭാവവും രൂപവും ഭാഗധേയവും നിർണ്ണയിക്കുക. മാറ്റങ്ങൾ സ്വാഭാവികവും സാധാരണവുമായ വിധത്തിലും ചുരുക്കം ചിലരിൽ സ്ഫോടനാത്മകമായും സംഭവിക്കുന്നു. ജീവിതവിജയം കൈവരിക്കുവാനാവുമോ എന്ന ഭീതി ചിലരെ സമ്മർദ്ദത്തിലാക്കുന്നു. തങ്ങളോടുതന്നെയുള്ള വിശ്വാസക്കുറവിൽനിന്നാണ് പലപ്പോഴും സ്വയം നിയന്ത്രണം നഷ്ടപ്പെടുന്ന മാനസികാവസ്ഥയിലേയ്ക്ക് മനുഷ്യൻ വീഴുന്നത്. ചിലരെങ്കിലും ഈ സാഹചര്യങ്ങളിൽ അന്യവൽക്കരണത്തിന് വിധേയരാകുന്നു. ഇപ്രകാരമുള്ളവർക്ക് സമയോചിതമായി വിദഗ്ധമായ മാനസിക പരിചരണം നൽകിയാൽ യഥാവിധി ജീവിതത്തിൽ തിരിച്ചെത്തിക്കാം.
    ആത്മഹത്യയും സ്വയം ജീവിതവവസാനിപ്പിക്കണമെന്ന ചിന്തകളും വൈദ്യശാസ്ത്രം ഒരു 'മെഡിക്കൽ എമർജസി'യായിട്ടാണ് വിലയിരുത്തുന്നത്. പക്ഷേ ഇപ്രകാരമുള്ള ചിന്തകൾക്ക് വേണ്ട മാനസികാരോഗ്യം പ്രധാനം ചെയ്യുന്നതിനുള്ള പ്രായോഗിക പ്രശ്നങ്ങൾ ഏറെയാണ്. ഏതാണ്ട് ഒരു ശതമാനം പേർക്കു മാത്രമേ കൃത്യമായ സമയത്ത് വിദഗ്ധ ചികിത്സ ലഭിക്കുന്നുള്ളൂ. കാരണം ഇത്തരത്തിലുള്ളവരെ തിരിച്ചറിയുന്നതിൽ വരുന്ന കാലതാമസവും വിദഗ്ധരുടെ സേവനം തരപ്പെടുത്തുന്നതിൽ പരാജയം സംഭവിക്കുന്നതുമാണ്. ആയതിനാൽ നമ്മുടെ വിദ്യാഭ്യാസ കരിക്കുലത്തിൽതന്നെ കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ള സംവിധാനം ഉണ്ടാകണം. മാനസികാരോഗ്യം ഒരു പാഠ്യവിഷയമായി വിദ്യാഭ്യാസ പദ്ധതിയിലുൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. വിവിധ മനഃശാസ്ത്ര പരീക്ഷണങ്ങളിലൂടെ കുട്ടികളുടെ മാനസികാരോഗ്യം നിർണ്ണയിക്കുവാനും കൃത്യമായ പരിഹാരം നിർദ്ദേശിക്കുവാനുമുള്ള സംവിധാനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടാവണം. ഇപ്രകാരം മാനസികാരോഗ്യമുള്ള ഒരു തലമുറയെ രൂപപ്പെടുത്തുവാനാകും.
    കേരളത്തിലെ ആത്മഹത്യാനിരക്ക് ഏവരെയും അമ്പരപ്പിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ജീവിതനിലവാരം എന്നീ മേഖലകളിലെല്ലാം ഒന്നാം സ്ഥാനത്തുള്ള കേരളം എന്തുകൊണ്ടാണ് ആത്മഹത്യാ നിരക്കിൽ പ്രഥമ സ്ഥാനത്ത് എത്തിയിരിക്കുന്നുവെന്നത് ഏറെ ചിന്തനീയമാണ്. കേരളത്തിൽ ഓരോ മണിക്കൂറിലും ഒരു ആത്മഹത്യയും 20-ലധികം ആത്മഹത്യാ ശ്രമങ്ങളും നടക്കുന്നു. ഈ സ്ഥിതിവിശേഷം ഗുരുതരമായ ഒരു സാമൂഹ്യ പ്രശ്നമാണ്. ഈ സ്ഥിതിയെ ഫലപ്രദമായി പ്രതിരോധിക്കാനാവശ്യമായ കാര്യക്ഷമമായ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നത്. സമൂഹത്തിൽ ആത്മഹത്യാ പ്രവണതയുള്ളവരെ കണ്ടെത്തുവാനും അവർക്ക് ആവശ്യമായ പരിചരണം ലഭ്യമാക്കുവാനും ഇടയാക്കണം. ആത്മഹത്യാപ്രവണതയുള്ളവർക്ക് തങ്ങൾ ഒറ്റപ്പെട്ടവരാണെന്ന ചിന്ത ഒഴിവാക്കി ജീവിതത്തിൽ ഒപ്പം നിൽക്കാൻ ഒരു വ്യക്തി അല്ലെങ്കിൽ ഒരു സംഘം ഉണ്ടെന്നത് പ്രതീകാത്മകമായ ഫലം ഉളവാക്കും. ജീവിതത്തിൻ്റെ വസന്തങ്ങൾക്ക് ഇനിയും നിറം വയ്ക്കുവാൻ കാലമുണ്ടെന്ന യാഥാർത്ഥ്യത്തിലേക്ക് നൈരാശ്യത്തിൽപ്പെട്ടവരെ എത്തിക്കുവാൻ കരുതലിൻ്റെ സംസ്കാരത്തിന് സാധിക്കും. പരസ്പരം താങ്ങും തണലും ഉണർവുമാകുവാൻ ഓരോ മനുഷ്യവ്യക്തിയും ശ്രമിക്കുമ്പോൾ സമൂഹജീവിതം സജീവവും സന്തോഷകരവും പ്രത്യാശാനിർഭരവുമാകും. ആത്മഹത്യകൾ സാമൂഹികമായും സാമ്പത്തികമായും വൈകാരികവുമായി വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും പൊതുവിലും വരുത്തുന്ന ഭവിഷ്യത്തുകൾ അതീവഗുരുതരമാണ്. ഏത് കാരണത്താലും ആത്മഹത്യ ചെയ്യുവാനിടയാകുന്ന സാഹചര്യം ഒഴിവാക്കപ്പെടണം. കരുതലിൻ്റെയും സാന്ത്വനത്തിൻ്റെയും സംസ്കാരം വളർത്തിയെടുത്താൽ മാനസികമായി തകർന്നവരെ വീണ്ടും ശക്തിപ്പെടുത്തുവാൻ സാധിക്കും. 
    സമൂഹത്തിൻ്റെ സവിശേഷമായ ശ്രദ്ധയും പരിചരണവും കരുതലും ആവശ്യമായിരിക്കുന്നവരുടെ സംഖ്യ നാൾക്കുനാൾ വർധിക്കുകയാണ്. കൗമാരക്കാരുടെയും യുവജനങ്ങളുടെയും ആവശ്യം ഇത്തരണത്തിൽ അടിയന്തര പ്രാധാന്യത്തോടെ കണക്കിലെടുക്കണം. പരിശീലനം സിദ്ധിച്ച ഒരു ശ്രോതാവിന് കലുഷിതമായ മനസ്സുകൾക്ക് സമാശ്വാസമേകുവാനാകും. വേദനിക്കുന്ന, മുറിവേറ്റ, വിഷാദത്തിൽപെട്ട, നിരാശനായ, ഏകാന്തത അനുഭവിക്കുന്ന വ്യക്തികളെ ശ്രവിക്കുന്നത് ഒരു ചികിത്സയാണ്. മനസ്സിനെ സുഖപ്പെടുത്തുവാനുള്ള മികച്ച ഔഷധമാണ് ശ്രവണം. തങ്ങളെ കേൾക്കുവാനും മനസ്സിലാക്കുവാനും കൂടെ നിർത്തുവാനും ആവശ്യങ്ങളിൽ സഹായമേകുവാനും വ്യക്തികൾ അല്ലെങ്കിൽ സമൂഹം ഉണ്ടെന്ന അവബോധം നിരാശയിൽ നിപതിച്ചവരെ ജീവിതത്തിലേക്ക് തിരിച്ചു നടത്തുവാൻ നിർബന്ധിക്കുന്ന ശക്തമായ പ്രേരകം ആണ്. തക്കസമയത്ത് അവസരോചിതമായി ഇടപെടുവാനായാൽ 80% ആത്മഹത്യകളെയും പ്രതിരോധിക്കുവാനാകും. ആത്മഹത്യ ചെയ്യുന്നവർ വാസ്തവത്തിൽ മരിക്കാനാഗ്രഹിക്കുന്നവരല്ല മറിച്ച് തങ്ങളുടെ മനസ്സിൻ്റെ വേദന അവസാനിപ്പിക്കുവാനാഗ്രഹിക്കുന്നവരാണ്. മനസ്സിൻ്റെ നൊമ്പരം പങ്കുവയ്ക്കപ്പെടുന്ന സാഹചര്യങ്ങളിൽ നല്ലൊരുപങ്കും സമാധാനത്തിലേയ്ക്ക് വരും.
    സമൂഹത്തിൽ ആരും തിരസ്കരിക്കപ്പെടാതിരിക്കുവാനും നിരാശയിൽ ജീവിക്കാനും ഇടം കൊടുക്കാതിരിക്കുന്ന ഉദാത്തമായ സ്നേഹക്കൂട്ടായ്മയുടെ വെളിച്ചം നമ്മുടെ ഇടങ്ങളിൽ പ്രകാശം പരത്തും. വിവിധ സന്നദ്ധ സംഘടനകളും മാനുഷികമൂല്യങ്ങൾ വളർത്തുവാനാഗ്രഹിക്കുന്ന നന്മയുടെ സംഘങ്ങളും മാനസികാരോഗ്യ വിദഗ്ധരുടെ മേൽനോട്ടത്തിലും കരുതലിലും പുതിയൊരു സംസ്കാരത്തിന് നാന്ദി കുറിക്കുവാൻ കൂട്ടായി പരിശ്രമിക്കാം. ഈ കരുതൽ സംസ്കാരത്തിൻ്റെ തണലിൽ മാനസികാരോഗ്യം നാട്ടിൽ വികാസം പ്രാപിക്കുവാനും ആരും ആത്മഹത്യയിലേയ്ക്ക് നിർബന്ധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുവാനും സാധിക്കും. ഈ കരുതൽ സംസ്കാരത്തിലേയ്ക്ക് അണിചേർന്ന് ജീവൻ്റെ മഹത്വം ഉദ്ഘോഷിക്കുവാനും യാതൊരു സാഹചര്യത്തിലും മനുഷ്യൻ ജീവനെ നിഹനിക്കുന്ന സ്ഥിതി ഉളവാക്കാതിരിക്കുവാനും സംഘടിതമായി നമുക്ക് ശ്രമിക്കാം. വരുംനാളുകളിൽ നമ്മുടെ സഹോദരങ്ങൾ ആത്മഹത്യ ചെയ്യാനിടയാക്കുന്ന സാഹചര്യം പൂർണമായും തടയുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.