കാർഷിക മേഖലയുടെ വാണിജ്യവത്കരണത്തിനു പ്രാധാന്യം ലഭിക്കണം

കാർഷിക മേഖലയുടെ നിലനിൽപ്പിനും വളർച്ചയ്ക്കും  അടിയന്തിരമായി ആവശ്യമായിരിക്കുന്നത് ഈ മേഖലയുടെ വാണിജ്യവൽക്കരണമാണ്. ഇതിന് വ്യക്തമായ കാർഷിക ആസൂത്രണം തന്നെ ആവശ്യമാണ്. കേരളം കാർഷിക മേഖലയുടെ വികസനഭൂപടത്തിൽ നിന്നു തന്നെ അപ്രത്യക്ഷമാകുകയും തൊട്ടടുത്തുള്ള തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങൾ ഈ മേഖലയിൽ വൻകുതിച്ചുകയറ്റം നടത്തുകയുമാണ്. നാളികേരം, റബ്ബർ, നെല്ല് എന്നിവയുടെയെല്ലാം ഉത്പാദനത്തിൽ കേരളം വളരെ പുറകോട്ടുപോയിരിക്കുന്നു. 2001 ൽ ഇന്ത്യയിലെ റബ്ബർ ഉത്പാദനത്തിൽ 90% കേരളത്തിൻ്റെ വിഹിതമായിരുന്നുവെങ്കിൽ 2019 ൽ അത് 60.2% ആയി കുറഞ്ഞു. മികച്ച സാങ്കേതികവിദ്യയുടെ പിൻബലത്തിൽ കാർഷിക അസംസ്കൃത വസ്തുക്കളുപയോഗിച്ചുള്ള ഉല്പന്നങ്ങൾ നിർമ്മിക്കുന്ന വ്യവസായ സംരംഭങ്ങളുടെ ഒരു ശൃംഗലരൂപപ്പെട്ടുവരണം. കാർഷിക അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് ഉല്പാദനത്തിന് സർക്കാർ തലത്തിൽ പ്രോത്സാഹനം ഉണ്ടാവണം. ഈ  മേഖലയിൽ മുതൽ മുടക്കിയാൽ പ്രതീക്ഷാത്മകമായ ഫലങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുന്ന കാർഷികാധിഷ്ഠിത വ്യവസായനയം തന്നെ രൂപപ്പെടുത്തണം. കേരളത്തിൽ റബ്ബർ ഉപയോഗിച്ച് ടാർ നിർമ്മിക്കുന്ന പ്ലാൻ്റെ  കൊച്ചിൻ റീഫൈനറിയിൽ എത്രയോ വർഷങ്ങൾക്ക് മുൻപേ സ്ഥാപിച്ചുവെങ്കിലും ഏതാനും വർഷം കഴിഞ്ഞപ്പോൾ ആ പ്ലാൻ്റെ   നിശ്ചലമായി. കേരളത്തിലെ മാത്രം റോഡുകൾ റബ്ബറൈസു ചെയ്യുവാൻ സാധിച്ചുവെങ്കിൽ റബ്ബർ കൃഷി ഇന്ന് നേരിടുന്ന ദുസ്ഥിതി ഉണ്ടാകുമായിരുന്നില്ല. കൃഷി നഷ്ടമാകാതിരിക്കുവാൻ ഓരോ കർഷകനും കൃഷി സംരഭകനായി മാറണം. ഫാർമേഴ്സ് പ്രോഡുയുസർ കമ്പനികൾ വിവിധ ഉല്പന്നങ്ങളുമായി ബന്ധപ്പെടുത്തി ഉടനെ തന്നെ രൂപപ്പെടുത്തുകയും അവയുടെ പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തപ്പെടുകയും പോരായ്മകൾ താമസമില്ലാതെ പരിഹരിച്ചു പോകുകയും വേണം. കേരളത്തിൽ നിന്നും കയറിപ്പോകുന്ന കോക്കോ വിവിധയിനം കാഡ്ബറി ഇനങ്ങളായി മാർക്കറ്റിൽ പത്ത് ഇരട്ടിവിലയ്ക്ക് കേരളീയൻ തന്നെ വാങ്ങിക്കുന്നു. എല്ലാ കാർഷിക ഉല്പന്നങ്ങളെയും മൂല്യവർദ്ധിതമാക്കുകയോ വിപുലമായ തോതിൽ വാണിജ്യപ്രക്രിയയ്ക്ക് വിധേയമാക്കുകയോ ചെയ്യേണ്ടതാണ്. കാർഷിക മേഖലയ്ക്കു മാത്രമായി സംസ്ഥാന സർക്കാർ ഒരു കാർഷിക ആസുത്രണം നടപ്പിലാക്കണം. അതിനായി അടിയന്തിരമായി കേരളത്തിൽ വിവിധ ഉല്പന്നങ്ങൾ കൃഷി ചെയ്യുന്ന കർഷകർ നേരിടുന്ന പ്രശ്നങ്ങളും അവയ്ക്ക് പ്രായോഗികമായി  പരിഹാരം നിർദ്ദേശിക്കുവാനുമായി സർക്കാർ ഒരുവിദഗദ്ധ  സമിതിയെ കാർഷികകമ്മീഷനായി നിയമിക്കുകയും പ്രസ്തുത കമ്മീഷൻ സമയബന്ധിതമായ റിപ്പോർട്ട് നൽകുകയും ചെയ്യണം.